മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ എതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്ത മലയാളി വിദ്യാര്‍ഥിയെയും വനിതാ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവർത്തകൻ റിജാസ് എം ഷീബയെയും ഒപ്പമുണ്ടായിരുന്ന യുവതിയെയുമാണ് അറസ്റ്റ് ചെയ്തത്.
നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് നാഗ്പൂർ പൊലീസാണ് ഇരുവരെയും പിടികൂടിയത്. ഡല്‍ഹിയില്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയപ്പോഴാണ് റിജാസിനെ അറസ്റ്റ് ചെയ്തത്.
യുവാവിനെതിരെ ബിഎന്‍എസ് 149,192 , 351, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് നടപടി.
ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്തെന്നും കേസിൽ പറയുന്നു. മക്തൂബ്, ഒബ്‌സര്‍വേര്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളില്‍ സജീവമായി എഴുതുന്ന ആള്‍ കൂടിയാണ് റിജാസ്.
അതിനിടെ സിവിൽ ഡിഫൻസ് നിയമങ്ങൾക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ പ്രയോഗിക്കാൻ ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും ആഭ്യന്തര മന്ത്രാലയം കത്തയച്ചു.
ആവശ്യമായ മുൻകരുതൽ നടപടികൾ കാര്യക്ഷമമായിതന്നെ നടപ്പിലാക്കാനാണ് നിർദേശം. അവശ്യ വസ്തുക്കൾ സംഭരിക്കണം, ലഭ്യത ഉറപ്പാക്കണം എന്ന് നിർദേശത്തിൽ പറയുന്നു. അരി, പച്ചക്കറി, പെട്രോൾ, ഡീസൽ, എൽപിജി സ്റ്റോക്ക് ചെയ്യണം. വിപണയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം എന്നും നിർദേശത്തിൽ പറയുന്നു
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ അതിർത്തി കടന്നുള്ള പ്രകോപനം തുടരുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ഉടനീളം കടുത്ത ജാഗ്രത തുടരുകയാണ്.