യൂറോ കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ വിജയവുമായി പോർച്ചുഗൽ. ചെക്ക് റിപ്പബ്ലികിനെതിരെയായിരുന്നു പോർച്ചുഗലിന്റെ ആദ്യമത്സരം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ വിജയം നേടിയത്.Portugal won the first match
അതേസമയം യൂറോ കപ്പിൽ കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് പോർച്ചുഗൽ ഡിഫൻഡർ പെപ്പെ സ്വന്തമാക്കിയത്.
40 വർഷവും 86 ദിവസവും പ്രായമുള്ളപ്പോൾ 2016-ൽ ബെൽജിയത്തിനെതിരേ കളിക്കാനിറങ്ങിയ ഹംഗറിയുടെ ഗാബോർ കിറാലിയുടെ പേരിലായിരുന്ന റെക്കോഡാണ് പെപ്പെ പഴങ്കഥയാക്കിയത്. 41 വർഷവും മൂന്നു മാസവും പ്രായമുള്ളപ്പോഴാണ് പെപ്പെ മത്സരത്തിനിറങ്ങിയിരിക്കുന്നത്.
ഫ്രാൻസിസ്കോ കോൺസെയ്സോയാണ് പോർച്ചുഗലിന്റെ വിജയ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ പകരക്കാരനായാണ് താരം കളത്തിലെത്തിയത്.
മത്സരം തുടങ്ങി 62-ാം മിനിറ്റിൽ ലൂക്കാസ് പ്രൊവോഡ് നേടിയ ഗോളിലൂടെ മുന്നിലെത്തിയ ചെക്ക് റിപ്പബ്ലിക്കിന് എന്നാൽ 69-ാം മിനിറ്റിൽ റോബിൻ റനാക്കിന്റെ സെൽഫ് ഗോളാണ് തിരിച്ചടിയായത്. തുടർന്നാണ് ഇഞ്ചുറി ടൈമിൽ പകരക്കാരനായി എത്തിയ ഫ്രാൻസിസ്കോ കോൺസെയ്സോയുടെ വിജയ ഗോൾ.
ചെക്ക് റിപ്പബ്ലിക്കിനെതിരായ ഗ്രൂപ്പ് എഫ് മത്സരത്തിൽ കളത്തിലിറങ്ങിയതോടെ പോർച്ചുഗൽ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പെപ്പെയും റെക്കോഡുകളും സ്വന്തമാക്കി. ഏറ്റവും കൂടുതൽ യൂറോ കപ്പ് ടൂർണമെന്റുകളിൽ കളിച്ച താരമെന്ന റെക്കോഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. ആറാം യൂറോ കപ്പിനാണ് റോണോ ബൂട്ടുകെട്ടിയത്. അഞ്ച് യൂറോ കളിച്ച സ്പെയ്നിന്റെ ഈക്കർ കസിയസിനെ മറികടന്നാണ് റൊണാൾഡോ ഈ നേട്ടത്തിലെത്തിയത്. 2004, 2008, 2012, 2016, 2021 യൂറോ കപ്പുകളിലാണ് റൊണാൾഡോ കളിച്ചത്. 2024-ലേത് താരത്തിന്റെ ആറാം ടൂർണമെന്റും.
യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. 25 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് താരത്തിന്റെ നേട്ടം. ഒമ്പത് ഗോളുകളുമായി മുൻ ഫ്രഞ്ച് താരം മിഷേൽ പ്ലാറ്റിനിയാണ് രണ്ടാമത്. ഏഴു ഗോളുകളുമായി ഫ്രാൻസിന്റെ അന്റോയ്ൻ ഗ്രീസ്മാനും ഇംഗ്ലണ്ടിന്റെ അലൻ ഷിയററും മൂന്നാമതുണ്ട്.