ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം 2025ന് ശേഷമായിരിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 2025ൽ കത്തോലിക്ക സഭാ ജൂബിലി ആഘോഷിക്കുന്നതിനാൽ ഫാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കാൻ സാധ്യതയില്ലെന്നും സന്ദർശനം സംബന്ധിച്ച് സമയക്രമം തീരുമാനിക്കേണ്ടത് വത്തിക്കാനാണെന്നും പോപ്പിന്റെ വരവിനായി രാജ്യം കാത്തിരിക്കുകയാണെന്നും ജോർജ് കുര്യൻ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ സൗകര്യത്തിനനുസരിച്ചായിരിക്കും ഇന്ത്യൻ സന്ദർശനമെന്ന് ജോർജ് കുര്യൻ പറഞ്ഞു. ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ചടങ്ങിൽ സംബന്ധിക്കാനായി വത്തിക്കാനിലെത്തിയ ഇന്ത്യൻ സംഘത്തിൽ മന്ത്രി ജോർജ് കുര്യനുമുണ്ട്.
‘പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പോപ്പിനെ നേരിട്ട് ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 2025ൽ യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ ജൂബിലി വർഷം ആഘോഷിക്കുകയാണ്. അതുകൊണ്ടുതന്നെ ഫ്രാൻസിസ് മാർപാപ്പ അതിന്റെ തിരക്കുകളായതിനാൽ മറ്റ് രാജ്യങ്ങൾ സന്ദർശിക്കാനിടയില്ല. അതിനുശേഷമായിരിക്കും ഇന്ത്യാ സന്ദർശനം. അതിനായി രാജ്യത്തെ ജനങ്ങൾ കാത്തിരിക്കുകയാണ്’- ജോർജ് കുര്യൻ പറഞ്ഞു.
വത്തിക്കാനിൽ ശിവഗിരി മഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യസന്ദർശന വേളയിയിൽ ശിവഗിരിയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. പോപ്പിന്റെ ഇന്ത്യാ സന്ദർശനം പ്രതീക്ഷിച്ചതിലും വേഗത്തിലുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഗോവൻ മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.