വത്തിക്കാൻ സിറ്റി: മനുഷ്യരക്ഷയ്ക്കായി കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയിൽ ദുഃഖ വെള്ളി ആചരിച്ച് വിശ്വാസികൾ.
കുരിശിന്റെ വഴിയിലും പ്രാർത്ഥനകളിലും വിശ്വാസി സമൂഹമാകെ അണിനിരന്നു. വത്തിക്കാനിൽ നിന്നും ഫ്രാൻസിസ് മാർപാപ്പ വിശ്വാസികൾക്ക് പ്രത്യേക സന്ദേശവും പകർന്നു നൽകി.
സങ്കീർണമായ അൽഗോരിതങ്ങൾ നയിക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് മേൽ ആരെയും തിരസ്കരിക്കാത്ത ദൈവിക സമ്പദ്‌വ്യവസ്ഥയെ ഉൾക്കൊള്ളാൻ തയാറാകണമെന്നാണ് വിശ്വാസികളോട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
വത്തിക്കാനിൽ കുരിശിന്റെ വഴിയിൽ അവതരിപ്പിച്ച പ്രത്യേക ധ്യാന ശ്ലോകത്തിലാണ് സന്ദേശം. വിതയ്ക്കുകയും വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ സമ്പദ് വ്യവസ്ഥയെപ്പറ്റിയാണ് മാർപാപ്പ പറഞ്ഞത്.
കേരളത്തിലും വിപുലമായി ദുഃഖവെള്ളി ആചരിച്ചു
പീഢാനുഭവ സ്മരണയിൽ ക്രൈസ്തവർ ഇന്നലെ സംസ്ഥാനത്തും ദുഃഖവെള്ളി ആചരിച്ചു. സംസ്ഥാനത്തെ വിവിധ പള്ളികൾ കേന്ദ്രീകരിച്ച് കുരിശിന്‍റെ വഴിയും പ്രാർത്ഥനയും നടന്നു.
മുനമ്പം സമരം മുതൽ സെക്രട്ടറിയേറ്റ് പടിക്കലെ ആശവർക്കർമാരുടെ പോരാട്ടത്തെവരെ ഓർമ്മിപ്പിച്ചായിരുന്നു സഭാമേലധ്യക്ഷൻമാർ സന്ദേശം നൽകിയത്.
മുനമ്പം വിഷയം കോടതിയ്ക്കപ്പുറം എങ്ങനെ പരിഹരിക്കാമെന്ന് സർക്കാർ ആലോചിക്കണമെന്ന് കോഴിക്കോട് ആർച്ച് ബിഷപ് ഡോ വർഗീസ് ചക്കാലക്കൽ പറഞ്ഞു.
ലോകത്തിന്‍റെ പാപങ്ങളെല്ലാം സ്വയം ഏറ്റെടുത്ത് ഗാഗുൽത്താ മലയിൽ യേശു ക്രൂശിതനായതിന്‍റെ അനുസ്മരണമായിരുന്നു സംസ്ഥാനത്തെ വിവിധ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് ഇന്നലെ നടന്നത്. രാവിലെ 7 മണിയോടെ നഗരം ചുറ്റി കുരിശിന്‍റെ വഴിയിൽ നടന്നു.