പൂജപ്പുര സെൻട്രൽ ജയിലിൽ മോഷണം
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങള്‍ മോഷണം പോയി. സോളാർ പ്ലാൻ്റിൻ്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്. 300 ബാറ്ററികളിൽ നിന്നാണ് ഇത്തരത്തിൽ മോഷണം നടന്നത്. ജയിൽ വളപ്പിലെ പവർ ലോൺട്രി യൂണിറ്റ് കെട്ടിടത്തിൽ ആണ് മോഷണം നടന്നത്.
നാലു വർഷത്തിനിടെയാണ് മോഷണം എന്ന് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു. സൂപ്രണ്ടിൻറെ പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുന്നതായി പൂജപ്പുര പൊലീസ് അറിയിച്ചു.
ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: കൊടുംകുറ്റവാളി ഗോവിന്ദചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ജൂലൈ 25 ന് പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദചാമി ജയില്‍ ചാടുന്നത്.
ഗോവിന്ദച്ചാമി ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ലിലെ താഴെഭാഗത്തെ കമ്പി മുറിച്ചു മാറ്റിയ വിടവിലൂടെ നിരങ്ങി പുറത്തിറങ്ങി. പിന്നീട് സെല്ലിന് പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ എടുത്തു.
പുലര്‍ച്ചെ 1.20 കഴിയുന്നതോടെ ഗോവിന്ദചാമി പുറത്തേക്ക് ഇറങ്ങി. പിന്നീട് ജയിലിലെ പത്താം ബ്ലോക്കിന്റെ മതില്‍ ചാടിക്കടന്നു. പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം ഗോവിന്ദച്ചാമി നില്‍ക്കുന്നത് സിസിടിവിയില്‍ വ്യക്തമാണ്. വലിയ ചുറ്റുമതില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് ഗോവിന്ദചാമി ചാടിക്കടന്നത്. എന്നാൽ ജയില്‍ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ഒന്നരമാസമായി ഗോവിന്ദചാമി ജയില്‍ ചാട്ടത്തിന് ആസൂത്രണം നടത്തിവരികയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഏകദേശം 28 ദിവസത്തോളമെടുത്താണ് സെല്ലിന്റെ അഴികള്‍ മുറിച്ചു മാറ്റിയതെന്നാണ് വിവരം.
ഗോവിന്ദചാമി ജയില്‍ചാടിയ വിവരമറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിനു സമീപത്തെ കിണറ്റില്‍ നിന്നാണ് ഗോവിന്ദചാമിയെ പിടികൂടുന്നത്.
അൻവറിൻ്റെ സി.ബി.ഐ കളി
മലപ്പുറം: ഗോവിന്ദച്ചാമിക്ക് കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരസഹായമില്ലാതെ ചാടാന്‍ ആകില്ലെന്ന് പിവി അൻവർ. വിഎസിന്റെ ജനപ്രീതി മറച്ചുവയ്ക്കാൻ നടത്തിയ ആസൂത്രിത നീക്കമാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടമെന്നും അന്‍വർ പറയുന്നു. ഗോവിന്ദച്ചാമിക്ക് ഒറ്റക്ക് ജയിൽ ചാടാനാകില്ലെന്ന് ഡെമോ കാണിച്ചാണ് തന്റെ വാദം അന്‍വർ മാധ്യമങ്ങൾക്ക് മുമ്പിൽ വിവരിച്ചത്.
ഒന്നര ഇഞ്ച് മാത്രം കനമുള്ള സെല്ലിന്റെ ഇരുമ്പഴി ഹാക്സൊ ബ്ലേഡ് കൊണ്ട് പോലും മുറിക്കാൻ കഴിയില്ല. പ്ലാസ്റ്റിക് ബാരലുകൾക്ക് മുകളിലൂടെ ജയിൽ ചാടി എന്നത് വിശ്വസിക്കാനാവില്ലെന്നും അന്‍വർ ആരോപിക്കുന്നു.
പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലുള്ള സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഡെമോ നടത്തിയത്. പാർട്ടി പ്രവർത്തകനെ സെന്‍ട്രല്‍ ജയില്‍ മതിലിന് സമാനമായ ഉയരമുള്ള വലിയ ഒരു മതിലിന് മുകളിലേക്ക് കോണിയുപയോഗിച്ച് കയറ്റുകയായിരുന്നു. ഇതിനു ശേഷമാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം അസാധ്യമാണെന്ന് അന്‍വർ വിവരിച്ചത്
മൊഴിയിൽ ഗോവിന്ദച്ചാമി പറയുന്നത്
കണ്ണൂർ: അഴിയറുക്കാൻ തുടങ്ങിയത് നാലു മാസം മുൻപാണെന്ന് ഗോവിന്ദചാമി. വാർഡർമാർ മുഴുവൻ സമയവും ഫോണിൽ കളിക്കും. തൊട്ടു മുന്നിലെ മുറിയിൽ ഉണ്ടായിട്ടും ആരും ശ്രദ്ധിക്കാറില്ല. ശ്രദ്ധ പരിശോധിക്കാൻ ഗ്ലാസും പ്ലേറ്റും പുറത്തെറിഞ്ഞ് പരീക്ഷിക്കും, വാർഡർമാർ ശബ്ദം കേൾക്കാറില്ല. കമ്പി നൂൽവണ്ണം ആയിട്ടും വാർഡർമാർ നോക്കിയില്ല. ജയിൽചാടാനുള്ള തീരുമാനം ശിക്ഷായിളവ് കിട്ടില്ലെന്ന് മനസ്സിലാക്കിയതോടെയാണ്. സഹതടവുകാർക്ക് തന്നോട് സഹതാപം തോന്നി. തന്റെ കഴിവ് കാട്ടിക്കൊടുക്കണമെന്ന് അവർ പറഞ്ഞതും ജയിൽചാട്ടത്തിന് പ്രചോദനമായെന്നു പിടികൂടിയതിന് പിന്നാലെ പോലീസിന് നൽകിയ മൊഴിയിൽ ഗോവിന്ദച്ചാമി പറഞ്ഞു.
ട്രെയിൻ മാർഗം കേരളത്തിൽ നിന്നും രക്ഷപ്പെടാനായിരുന്നു ഗോവിന്ദചാമിയുടെ പദ്ധതി. പക്ഷെ കയ്യിൽ പണമില്ലാത്തത് തടസ്സമായി. കാൽനടക്കാരോട് ചോദിച്ചപ്പോൾ റെയിൽവെ സ്റ്റേഷനിലേക്ക് അഞ്ച് കിലോമീറ്റർ ഉണ്ടെന്ന് പറഞ്ഞു. നടന്നു പോകുന്നതിനിടെ ഒരു ആശുപത്രിയുടെ ഭാഗത്തുവെച്ചു വഴിതെറ്റി. ഇടവഴിയിലൂടെ കറങ്ങി ഡിസിസി ഓഫിസിനു മുന്നിൽ എത്തി. അപ്പോഴാണ് നാട്ടുകാർ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ചോദ്യം ചെയ്തപ്പോൾ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഗോവിന്ദച്ചാമി പോലീസിനോട് വിവരിച്ചു.
എട്ടു മാസത്തെ ആസൂത്രിത നീക്കത്തിലൂടെയാണ് ജയിൽചാട്ടം നടപ്പാക്കിയത്. പകൽസമയം ഉറങ്ങി, രാത്രി ഉറങ്ങാതെ അഴി മുറിച്ചു. ബിസ്‌ക്കറ്റ് കവറുകൾ സൂക്ഷിച്ചുവെച്ചു. ജയിൽ ചാടുമ്പോൾ ഇലക്ട്രിക് ഫെൻസിങ്ങിൽ പിടിച്ചത് ബിസ്‌കറ്റിന്റെ കവർ ഉപയോഗിച്ചായിരുന്നു എന്നും ഗോവിന്ദച്ചാമി പറഞ്ഞു. റിപ്പർ ജയാനന്ദന്റെ ജയിൽചാട്ടം മാതൃകയാക്കിയെന്നും ഇയാൾ പറയുന്നു. ഒറ്റക്കയ്യും പല്ലും ഉപയോഗിച്ചാണ് തുണിയിലൂടെ കയറി മതിൽ ചാടിയത്. ഒരു കൈ ഉപയോഗിച്ച് തുണിയിൽ പിടിച്ച് കയറി. പിന്നീട് വായ ഉപയോഗിച്ച് തുണി കടിച്ചുപിടിച്ചു
English Summary :
Valuable components worth around ₹5.5 lakh have been stolen from Poojappura Central Jail. The stolen items were extracted from unused batteries of the jail’s solar power plant. Authorities have launched an investigation into the theft, which raises concerns about internal security lapses









