ബത്തേരി∙ വയനാട് ഡിസിസി മുൻ ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മൊഴിയെടുക്കുമെന്ന് പോലീസ്.
ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്ത ആഴ്ച മൊഴിയെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സഹകരണ ബാങ്കുകളിലെ അഴിമതിയെക്കുറിച്ച് എൻ.എം.വിജയൻ അയച്ച കത്തുമായി ബന്ധപ്പെട്ടാണ് കെ സുധാകരൻ്റെ മൊഴിയെടുക്കുന്നത്.
ഡിസംബർ 25നാണ് കോൺഗ്രസ് നേതാവ് വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു.
മരണത്തിനു ശേഷം പുറത്തുവന്ന എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പിലും മറ്റു കത്തുകളിലും ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ളവരുടെ പേരുകൾ കണ്ടെത്തി.
സാമ്പത്തിക ബാധ്യതകള്‍ കാണിച്ച് എന്‍.എം. വിജയന്‍ നേരത്തെ കെ.സുധാകരന് കത്തയച്ചിരുന്നു.
ഈ കേസിൽ ഐ.സി.ബാലകൃഷ്ണനെയും ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെയും ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുവർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ ആ പ്രദേശത്തെ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ താക്കീത് നൽകി.
കോൺഗ്രസിന് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത് എന്നും അത് പരമാവധി ഉപയോഗപെടുത്താൻ സാധിക്കണമെന്നും കെ.സുധാകരൻ കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞു