ഇടുക്കി: മദ്യലഹരിയിൽ ആത്മഹത്യ ചെയ്യാനെത്തി പുഴക്കരയിൽ കിടന്നുറങ്ങിയ യുവാവിനെ രക്ഷിച്ച് പോലീസ്. പുഴക്കരയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ കിടക്കുന്ന യുവാവിനെ കണ്ട് നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെയാണ് സംഭവം.(Police rescued the young man from the suicide attempt)
പുഴയോരത്തെ പാലത്തിനോട് ചേർന്നുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പിൻ്റെ മുകളിൽ 38 കാരൻ ബോധരഹിതനായി കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കാണുന്നത്. പാലത്തിലൂടെ സഞ്ചരിച്ച നാട്ടുകാര്‍ മൂവാറ്റുപുഴ പൊലീസില്‍ വിവരമറിയിക്കുകയും എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പൈപ്പില്‍ നിന്നും യുവാവിനെ കയറ്റുകയായിരുന്നു. മറുവശത്തേയ്ക്ക് തിരിഞ്ഞാൽ പുഴയിൽ വീഴുന്ന നിലയിൽ അപകടകരമായ അവസ്ഥയിലായിരുന്നു യുവാവിന്റെ കിടപ്പ്. സ്ഥലത്ത് എത്തിയ പോലീസ് ഉറക്കമുണരും മുമ്പേ യുവാവിനെ സ്റ്റേഷനിലെത്തിച്ച് ബന്ധുക്കൾ ഒപ്പം വിട്ടയച്ചു.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാൻ എത്തിയതാണെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. മദ്യപിച്ച ശേഷം പുഴയുടെ കരയിൽ എത്തിയെങ്കിലും ഇതിനിടയിൽ ഉറങ്ങി പോകുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച യുവാവിന് ഭക്ഷണം വാങ്ങി നൽകിയ ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി അവർക്കൊപ്പം വിട്ടയക്കുകയായിരുന്നു. യുവാവിന് വേണ്ട കൗൺസലിംഗ് നൽകാനും പൊലീസ് ബന്ധുക്കൾക്ക് നിർദ്ദേശം നൽകി.