കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം കൊലപാതകമല്ല ആത്മഹത്യ തന്നെയെന്ന് പൊലീസ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊലപാതകം നടന്നതിന്റെ യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. സിപിഎം നിയന്ത്രണത്തിലുള്ള അന്വേഷണ സംഘമാണ് കേസ് പരിശോധിക്കുന്നതെന്ന വാദവും തെറ്റാണ്.
കേസുമായി ബന്ധപ്പെട്ട മുഴുവൻ സിസിടിവി ഫൂട്ടേജുകളും ശേഖരിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെയും പ്രശാന്തന്റെയും കോൾ ഡാറ്റ റെക്കോർഡുകളും പരിശോധിച്ചു.
നവീൻ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കിട്ടിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇൻക്വസ്റ്റ് സമയം ബന്ധുക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന വാദവും തള്ളിയാണ് റിപ്പോർട്ട്.
പഴുതില്ലാത്ത അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ്അന്വേഷണം ശരിയായ ദിശയിലാണ്. നവീനെ അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമം പി.പി ദിവ്യ നടത്തി.
മറ്റ് ഉദ്യോഗസ്ഥരുടെ മുമ്പിൽ വച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് എ ഡി എം തൂങ്ങിമരിച്ചതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ക്ഷണിക്കാതെയാണ് ദിവ്യ യോഗത്തിലേക്ക് എത്തിയത്. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിവ്യ സിപിഎമ്മിൽ യാതൊരു പദവിയും നിലവിൽ വഹിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.