മൂന്നാർ: കക്കൂസ് മാലിന്യം കുടിവെള്ള സ്രോതസ്സിലേക്ക് ഒഴിക്കുവിട്ട രണ്ട് റിസോർട്ടുകൾക്കെതിരെ കേസ്. ഇടുക്കി വെള്ളത്തൂവലില്‍ ആണ് സംഭവം. മതിയായ മാലിന്യസംസ്കരണ സംവിധാനമില്ലാതെ കുടിവെള്ള സ്രോതസിലേക്ക് മാലിന്യം ഒഴുക്കിവിടുന്നുവെന്ന് വ്യക്തമായതോടെ വെള്ളത്തൂവല്‍ പഞ്ചായത്ത് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
കുഞ്ചിത്തണ്ണി, മേരിലാന്‍റ്, ഈട്ടിസിറ്റി, വെള്ളത്തൂവല്‍ തുടങ്ങിയിടങ്ങളില്‍ ആയിരത്തിലധികം കുടുംബങ്ങളുടെ ശുദ്ധജലാശ്രയങ്ങളെല്ലാം കക്കൂസ് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നൂറിലധികം പേരാണ് ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയത്. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് റിസോര്‍ട്ടുകള്‍ ജലസ്രോതസ്സുകളിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയതായി കണ്ടെത്തി.
സബ് കളക്ടറുടെ നിർദ്ദേശപ്രകാരം റിസോർട്ടുകൾക്ക് പഞ്ചായത്ത് സ്റ്റോപ്പ് നൽകിയെങ്കിലും ഹൈക്കോടതി ഇത് താല്‍കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇതോടെയാണ് മാലിന്യസംസ്കരണ സംവിധാനമില്ലാതെ പൊതുസ്ഥലത്തേക്ക് മാലിന്യം തള്ളി വിടുന്നുവെന്നു കാട്ടി രണ്ട് റിസോര്‍ട്ടുകള്‍ക്കുമെതിരെ പഞ്ചായത്ത് പൊലിസില്‍ പരാതി നല്‍കിയത്. അതേസമയം പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ സാമ്പത്തിക താല്‍പര്യത്തോടെ റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.
Read Also: കൊടും ചൂടിൽ ആശ്വാസമായി മഴ എത്തും; പക്ഷെ ഈ മൂന്ന് ജില്ലകളിൽ പെയ്യില്ല