യൂണിഫോമിട്ടവർ തെരുവിൽ തല്ലുകൂടുമ്പോൾ സാധാരണക്കാർ എന്ത് ചെയ്യണം?പോലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലീസുകാരുടെ തമ്മിലടി!
തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലീസുകാർ തമ്മിലടിച്ചത് വിവാദമായി. ഗേറ്റിൽ വാഹന പരിശോധനയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാരനായ കിരണും മ്യൂസിയം സ്റ്റേഷനിലെ സി.പി.ഒ വിശാഖുമാണ് തമ്മിലടിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ വിശാഖിനെ ഗതാഗത നിയന്ത്രണത്തിനായി നിയോഗിച്ചിരുന്നു. ഈ സമയം ഒരു സ്ത്രീ പൊലീസ് ആസ്ഥാനത്തിന് മുന്നിലെ റോഡിൽ കാർ പാർക്ക് ചെയ്തു. വാഹനം മാറ്റാൻ വിശാഖ് ആവശ്യപ്പെട്ടതോടെ അവർ അത് അനുസരിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ കിരൺ, തന്റെ അമ്മയോട് വിശാഖ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു. ഇതോടെ വിശാഖും തിരിച്ചടിച്ചതോടെ ഇരുവരും തമ്മിൽ ഏറ്റുമുട്ടി. സമീപത്തുണ്ടായിരുന്ന മറ്റ് പൊലീസുകാർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി.
സംഭവത്തെ തുടർന്ന് ചികിത്സ തേടിയ വിശാഖ് വൈകിട്ട് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നാലെ കിരണിന്റെ അമ്മയും പരാതിയുമായി എത്തി. എന്നാൽ ഇരു പരാതികളിലും ഇതുവരെ കേസെടുത്തിട്ടില്ല.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിഷയത്തിൽ ഡി.സി.പി കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഒരു പൊലീസുകാരന് വേണ്ടി ഉന്നത ഇടപെടൽ ഉണ്ടായെന്ന വിവരവും പുറത്തുവരുന്നുണ്ട്.
English Summary:
Two police personnel clashed in front of the Kerala Police Headquarters in Thiruvananthapuram, causing embarrassment to the force. The incident, reportedly triggered by a dispute involving a parked car and alleged misconduct, is under inquiry with CCTV footage available.








