കണ്ണൂർ: വിവാഹാഘോഷത്തിനിടെ ഗതാഗത തടസ്സമുണ്ടാക്കിയവർക്കെതിരെ കേസെടുത്ത് പോലീസ്. വരൻ കണ്ണൂർ വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച നടന്ന വിവാഹത്തിനുശേഷം ഞായറാഴ്ച വധുവിന്റെ വീട്ടുകാർ സംഘടിപ്പിച്ച വിരുന്നിനിടെയാണ് സംഭവം.
കല്യാണ മണ്ഡപത്തിലേക്ക് ഒട്ടകപ്പുറത്താണ് വളപ്പട്ടണം സ്വദേശിയായ വരൻ എത്തിയത്. ഇത് മട്ടന്നൂർ-കണ്ണൂർ പാതയിൽ വൻ ഗതാഗത കുരുക്കിന് കാരണമായി. ഒരുമണിക്കൂറോളമാണ് വാഹനങ്ങൾ കുരുങ്ങി കിടന്നത്. പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കാനായി പോലീസിന് ലാത്തി വീശേണ്ടി വന്നു. തുടർന്ന് റിസ്വാനെയും 25 സുഹൃത്തുക്കളെയും പ്രതി ചേർത്ത് ചക്കരക്കൽ പൊലീസ് കേസെടുക്കുകയായിരുന്നു.
വൻ ഗതാഗത കുരുക്കിന് കാരണമായ കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വരനും സംഘവുമായി പൊലീസ് വാക്കു തർക്കം നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസെടുത്തത്. അന്യായമായി സംഘംചേർന്ന ഗതാഗത തടസ്സമുണ്ടാക്കിയെന്നാണ് എഫ്ഐആർ.
Read Also: രാഹുൽ പുറത്തേക്ക്; എല്ലാ കേസുകളിലും ജാമ്യം, ഇന്ന് ജയിൽ മോചിതനാകും