തിരുവനന്തപുരം: ആറ്റുകാലിൽ വനിതാ പൊലീസുകാരെ കയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസെടുത്ത് പോലീസ്. ആറ്റുകാൽ വാർഡ് അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റി അംഗവുമായ ഉണ്ണികൃഷ്ണനെതിരെയാണ് ഫോർട്ട് പൊലീസ് കേസെടുത്തത്. ആറ്റുകാൽ ഉത്സവത്തിന് സുരക്ഷയിലുണ്ടായിരുന്ന വനിതാ പൊലീസുകാരെയാണ് പ്രതി കയ്യേറ്റം ചെയ്തത്.
പോലീസുമായുള്ള തർക്കത്തെ തുടർന്നാണ് സംഭവം. പടിഞ്ഞാറേ നട വഴി ഉണ്ണികൃഷ്ണൻ ചിലരെ കടത്തിവിടാൻ ശ്രമിച്ചതാണ് പൊലീസുമായുള്ള തർക്കത്തിന് ഇടയായത്. ഉണ്ണികൃഷ്ണന്റെ നടപടി തടയാൻ ശ്രമിച്ച എസ്ഐയും കൗണ്‍സിലറുമായി കയ്യേറ്റം നടക്കുകയായിരുന്നു. ഇതിനിടെ രണ്ട് വനിതാ പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒരു വനിതാ പൊലീസുകാരി സംഘർഷത്തിനിടെ നിലത്തു വീണു. മറ്റൊരാള്‍ക്ക് കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് വനിതാ പൊലീസുകാരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഉണ്ണിക്കൃഷ്ണനെതിരെ കേസെടുത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.