കൊച്ചി : ലഹരിക്കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയിൽ സന്ദർശിച്ചുവെന്നതിന്റെ പേരിൽ സിനിമാതാരങ്ങൾക്കെതിരേ കേസെടുക്കുന്നതു ‘റിസ്‌ക്’ ആണെന്നു പോലീസ് വിലയിരുത്തൽ. താരങ്ങൾ ഹോട്ടൽ മുറിയിലെത്തിയതു മയക്കുമരുന്നു വാങ്ങാനോ ഉപയോഗിക്കാനാണോ എന്നു തെളിയിക്കേണ്ടതുണ്ട്. മയക്കുമരുന്നു പിടികൂടാനായില്ലെങ്കിൽ ഓംപ്രകാശിനെതിരേ കേസെടുത്തതു തെളിയിക്കാൻ ബുദ്ധിമുട്ടാകും.Police assesses that it is a ‘risk’ to file a case against film stars for visiting the room of gangster leader Om Prakash, who was arrested in a drug case.
ശ്രീനാഥ് ഭാസിയും പ്രയാഗയും 5ന് രാത്രി ഹോട്ടിലിലെ മുറിയിലെത്തി ഓംപ്രകാശിനെ കണ്ടു എന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട്. എന്നാൽ ഓംപ്രകാശിനെ കണ്ടു എന്നതിന്റെ പേരിൽ ഇവർക്കെതിരെ കേസെടുക്കാൻ സാധിക്കില്ല. ഇവർ ലഹരി മരുന്ന് ഉപയോഗിച്ചോ എന്നതും തെളിയിക്കുക ബുദ്ധിമുട്ടാണ്. എങ്കിലും ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഇവരിൽ നിന്ന് മൊഴിയെടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഹോട്ടലിലെ ക്യാമറയിൽ നിന്ന് ശ്രീനാഥിന്റെയും പ്രയാഗയുടെയും ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇരുവരെയും ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിൽ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
ഓംപ്രകാശും കൂട്ടാളി ഷിഹാസും സമീപകാലത്തു രഹസ്യമായി ശ്രീലങ്കയും ലക്ഷദ്വീപും സന്ദർശിച്ചെന്ന വിവരം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നേരത്തെ ലക്ഷദ്വീപിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്ന കേരള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനുമായി പ്രതികൾക്കുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ ഓഫിസർ പ്രതി ഷിഹാസിന്റെ സഹപാഠിയും സുഹൃത്തുമാണെന്നാണു പ്രാഥമിക വിവരം. ഫോണിൽ ഓം പ്രകാശിനോടു സംസാരിച്ച കൊച്ചിയിലെ ഗുണ്ട തമ്മനം ഫെയ്സലിനെ മരട് പൊലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ചു ചോദ്യം ചെയ്തു വിട്ടയച്ചു.
മരടിലെ ആഡംബര ഹോട്ടലിൽ ഓംപ്രകാശ് എത്തിയിട്ടുണ്ടെന്നും ലഹരിമരുന്ന് വിൽപ്പനയാണ് ഇവരുടെ ലക്ഷ്യമെന്നും ഡാൻസാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഹോട്ടലിൽ റെയ്ഡ് നടത്തിയപ്പോൾ മുറിയിൽ നിന്നു കൊക്കെയ്ൻ തരികൾ അടങ്ങിയ പ്ലാസ്റ്റിക് കവറും 4 ലീറ്റർ മദ്യവും പൊലീസ് പിടിച്ചെടുത്തു. പ്ലാസ്റ്റിക് കവറിലെ ലഹരി പദാർഥം പ്രതികൾ വെളിപ്പെടുത്തിയ പോലെ കൊക്കെയ്ൻ തന്നെയാണെന്നു പരിശോധനയിൽ ബോധ്യപ്പെട്ടെങ്കിലും പ്രതികളുടെ ദേഹവും മുറിയും പരിശോധിച്ചപ്പോൾ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാനുള്ള അളവിൽ ലഹരി പദാർഥം കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതേത്തുടർന്നു കോടതി പ്രതികൾക്കു ജാമ്യം അനുവദിച്ചു. ഇതിനു പിന്നാലെയാണ് അന്വേഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ നടത്തിയ ഫൊറൻസിക് പരിശോധനയുടെ ഫലം ലഭിക്കുന്നതോടെ എന്തെങ്കിലും രാസലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ കഴിയും.
മൂന്നു മുറികളാണ് ഓം പ്രകാശും കൂട്ടരും ഹോട്ടലിൽ എടുത്തിരുന്നത്. രണ്ടു ദിവസത്തിനിടെ ഒട്ടേറെ പേർ ഓംപ്രകാശിനെ സന്ദർശിച്ചിരുന്നു എന്നും മനസിലാക്കിയതോടെയാണ് കേസ് വിശദമായി അന്വേഷിക്കാൻ പൊലീസ് തീരുമാനിക്കുന്നത്. വന്നവരുടെ കൂട്ടത്തിൽ ശ്രീനാഥ് ഭാസിയും പ്രയാഗയും ഉണ്ടായിരുന്നെന്ന് വ്യക്തമായതോടെ കേസിന് കൂടുതൽ പ്രചാരവും കൈവന്നു. അതേസമയം, തനിക്ക് ഓംപ്രകാശിനെ അറിയില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും പ്രയാഗ വ്യക്തമാക്കിയിരുന്നു. ഒരു സുഹൃത്തിനെ കാണാനായി മറ്റൊരു സുഹൃത്തിനൊപ്പം ഹോട്ടലിൽ പോയിരുന്നെന്നും അവർ വ്യക്തമാക്കി.
കൊക്കെയ്ൻ ഉപയോഗിച്ചെന്നു തെളിയിക്കാനാകാത്തതിനെ തുടർന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചതിനെതിരേ അപ്പീൽ പോകാൻ പോലീസ് ആലോചിക്കുന്നുണ്ട്. പോലീസ് റിമാൻഡ് റിപ്പോർട്ടിൽ തങ്ങളുടെ പേര് ഉൾപ്പെടുത്തി സമൂഹത്തിൽ പ്രചരിച്ചതു വ്യക്തിഹത്യയാണെന്നും അതിനു ഉത്തരവാദികളായവർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടു സിനിമാതാരങ്ങൾ പരാതി നൽകാനുള്ള സാധ്യതയും പോലീസ് മുൻകൂട്ടി കാണുന്നുണ്ട്.
മുമ്പ് നടൻ ടിനി ടോമിനെതിരേ കേസെടുത്തതു പുലിവാലായിരുന്നു. അതിനാൽ, ഇന്നത്തെ ചോദ്യംചെയ്യലിൽ വിവരങ്ങൾ ചോദിച്ചറിയൽ മാത്രമാകും. ഇരവുരുടേയും കോൾ റെക്കോഡുകളും പോലീസ് എടുത്തിട്ടുണ്ട്. ലഹരി ഇടപാടുമായി തെളിവുകളുണ്ടോയെന്നാണു പരിശോധിക്കുന്നത്.
ലഹരിക്കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയിൽ സന്ദർശിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണു പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരേ നോട്ടീസ് അയച്ചിരിക്കുന്നത്. ക്രിമിനലും ഗുണ്ടാനേതാവുമായ ഓംപ്രകാശിന്റെ മുറിയിൽ എത്തിയതിനു വിശദീകരണം നൽകേണ്ടിവരും. ലഹരി പാർട്ടി സംഘടിപ്പിച്ചതു ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നാണു പോലീസിനു ലഭിച്ച വിവരം.
താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്. ബിനു ജോസഫിൽനിന്ന് അനേ്വഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഓം പ്രകാശിനെ കാണാൻ മുറിയിലെത്തിയെന്ന ആരോപണം പ്രയാഗ തള്ളിയിരുന്നു. ഓം പ്രകാശിനെ മുമ്പു കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും പ്രയാഗ പറയുന്നത്. താൻ ലഹരി ഉപയോഗിക്കാറില്ലെന്നും പ്രയാഗ വ്യക്തമാക്കിയിരുന്നു.