കൊച്ചി: ദ്വിദ്വിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൊച്ചിയിൽ ഉജ്വല വരവേൽപ്പ്. മഹാരാജാസ് ഗ്രൗണ്ട് മുതൽ ഗസ്റ്റ് ഹൗസ് വരെ ഒരു കിലോമീറ്ററാണ് റോഡ് ഷോ നടന്നത്. പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനായി റോഡിന്റെ ഇരുഭാഗത്തും നിരവധി ബിജെപി പ്രവർത്തകരാണ് എത്തിയിരുന്നത്. മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും പ്രവർത്തകർ മോദിയെ അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രധാനമന്ത്രിയോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു.
നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 6.50-നാണ് പ്രധാനമന്ത്രി എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ഏഴു മണിയോടെ ഹെലികോപ്ടറിൽ നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്ര തിരിച്ചു. ഇവിടെ നിന്ന് റോഡ് മാർഗമാണ് മഹാരാജാസ് ഗ്രൗണ്ടിൽ എത്തിയത്.
ഇന്ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം പിറ്റേന്ന് രാവിലെ 6.30 ന് ഗുരുവായൂരിലേക്ക് തിരിക്കും. സുരേഷ് ഗോപിയുടെ മകളുടേതുൾപ്പടെ 4 വിവാഹച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്നും തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിനു ശേഷം കൊച്ചിയിലേക്ക് മടങ്ങും. തുടർന്ന് വില്ലിംഗ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ്പ് യാർഡിന്റെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.
Read Also: മകളുടെ വിവാഹ ദിനത്തിൽ മോദിക്ക് സമ്മാനം; സ്വർണ തളിക നൽകാനൊരുങ്ങി സുരേഷ് ഗോപി