പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോട്ടേം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിക്കുശേഷം രണ്ടാമതായി രാജ് നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. (PM Modi, New MPs Take Oath As 18th Lok Sabha Session Begins)
അതേസമയം എംപിമാരെ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചരിത്ര ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്നത് 60 വര്‍ഷത്തിന് ശേഷമാണെന്നും രാജ്യത്തെ നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും നരേന്ദ്രമോദി പാര്‍ലമെന്‍റില്‍ പറഞ്ഞു. എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഇത് 18-ാം ലോക്‌സഭയാണ്. 18 ന് പ്രാധാന്യമേറെയാണ്. ഭാരതീയ പുരാണങ്ങളുടെ എണ്ണം 18 ആണ്. മൂന്നാം തവണയും അധികാരത്തിലെത്തിയ സര്‍ക്കാര്‍ മൂന്നിരട്ടി അധ്വാനിക്കും. മൂന്നാം തവണയും ജനങ്ങൾ സർക്കാരിൽ വിശ്വാസമർപ്പിച്ചു. ജനങ്ങൾക്കായി ആത്മാർത്ഥമായി പ്രവർത്തിക്കും. ഈ യാത്രയിൽ എല്ലാവരേയും ഒരുമിച്ച് നയിക്കും. പ്രതിപക്ഷവും സാധാരണ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു. പാർലമെൻ്റിൻ്റെ മാന്യത പ്രതിപക്ഷം പാലിക്കുമെന്നാണ് പ്രതീക്ഷ,” – മോദി പറഞ്ഞു. ജൂൺ 25 ജനാധിപത്യത്തിനേറ്റ കളങ്കമാണെന്നും ഭരണഘടനപോലും അന്ന് വിസ്മരിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാര്‍ ഇന്ന് ലോക്സഭയിലേക്ക് എത്തിയത്. ഗാന്ധി പ്രതിമ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് മാര്‍ച്ചായിട്ടാണ് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്‍റിലേക്ക് വന്നത്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പ്രതിപക്ഷം ഭരണഘടന ഉയർത്തി കാണിച്ചിരുന്നു.
കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ പൂര്‍ത്തിയായശേഷമായിരിക്കും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക.
Read More: രണ്ടാമന് പകരക്കാരനായി എത്തിയ പുതിയ മന്ത്രിക്ക് ഇരിപ്പിടം രണ്ടാം നിരയിൽ
Read More: ഇനി ആശംസ പോലും വേണ്ട; കമന്റ് ബോക്സ് പൂട്ടി താരദമ്പതികൾ