പുതിയ ചെക്ക് ഇൻ നിയമവുമായി ട്രാവൽ, ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ഇനിമുതൽ റൂം നൽകില്ലെന്നാണ് പുതിയ തീരുമാനം. ഭാര്യാ ഭർത്താക്കൻമാർക്കേ പുതിയ നയമനുസരിച്ച് ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കു.
പുതിയ നയപ്രകാരം ഓൺലൈൻ റിസർവേഷൻ ഉള്ളവർ ഉൾപ്പെടെ എല്ലാ ദമ്പതികളും ചെക്ക് ഇൻ ചെയ്യുമ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ നല്‍കേണ്ടി വരും.
ഉത്തർപ്രദേശിലെ മീററ്റിലാണ് കമ്പനിയുടെ പുതിയ ചെക്ക് ഇൻ നയം ആദ്യം നിലവിൽ വരുന്നത്. കമ്പനിയുമായി സഹകരിക്കുന്ന നഗരത്തിലെ ഹോട്ടലുകൾക്ക് ഓയോ ഇതിനോടകം പുതിയ നിർദ്ദേശം നൽകിക്കഴിഞ്ഞു.
സിവിൽ സൊസൈറ്റി ഗ്രൂപ്പുകളിൽ നിന്ന് ലഭിച്ച ഫീഡ്‌ബാക്കിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് കമ്പനിയുടെ വിശദീകരണം. വൈകാതെ പുതിയ നയം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.