ടോക്കിയോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനവും കോസ്റ്റ് ഗാര്‍ഡ് വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. വിമാനം പൂര്‍ണമായി കത്തി. ജപ്പാനിലെ പടിഞ്ഞാറന്‍ തീരത്തെ നിയാഗാട്ടയിലെ ഭൂകമ്പ ബാധിതമേഖലയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട കോസ്റ്റ് ഗാര്‍ഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഹനേഡ വിമാനത്താവളം താല്‍ക്കാലികമായി അടച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
തീപിടിച്ച വിമാനം റണ്‍വേയിലൂടെ അല്‍പദൂരം നീങ്ങി. എന്നാല്‍ അപകടം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ യാത്രക്കാരെ അതിവേഗം എമര്‍ജന്‍സി വാതിലുകളിലൂടെ പുറത്തെത്തിച്ചതായി ജപ്പാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 379 പേരെയും അത്ഭുതകരമായി രക്ഷപെടുത്തി. കോസ്റ്റ് ഗാര്‍ഡ് വിമാനത്തിലെ പൈലറ്റും രക്ഷപെട്ടു. ഹനേഡ വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്ത ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കോസ്റ്റ് ഗാര്‍ഡ് വിമാനം ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.