കൊച്ചി: സ്വർണത്തിന് പിന്നാലെ വെള്ളിവിലയും കുതിപ്പ്. നാലു വർഷത്തിനിടെ വെള്ളിയുടെ വിലയിലുണ്ടായത് ഇരട്ടിയിലേറെ വർധന. 2020ൽ ഗ്രാമിന് 40-45 രൂപയായിരുന്നു വെള്ളിയാഭരണങ്ങളുടെ വില. നിലവിൽ 101 രൂപയാണ് കേരളത്തിൽ ഒരു ഗ്രാം വെള്ളിയുടെ വില. പുതുതലമുറക്ക് വെള്ളിയാഭരണങ്ങളോട് പ്രിയമേറിയതും വില വർധനവിന് കാരണമായിട്ടുണ്ട്.സ്വർണവിലയിൽ റെക്കോഡ് കുതിപ്പുണ്ടായതിന് പിന്നാലെയാണ് വെള്ളിയുടെ വിലയും കൂടാൻ തുടങ്ങിയത്.
വെള്ളി വ്യാവസായിക ഉപയോഗത്തിനാണ് കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും, നിലവിൽ ആഭരണനിർമാണ മേഖലയിൽ വെള്ളിയുടെ ആവശ്യം ഉയർന്നിട്ടുണ്ട്. യുവതലമുറയ്ക്ക് വെള്ളിയാഭരണങ്ങളോട് പ്രിയം കൂടിയതാണ് കാരണം. മാല, ലോക്കറ്റ്, കൈച്ചെയിൻ, വളകൾ എന്നീ ആഭരണങ്ങളോടാണ് യുവാക്കൾക്ക് പ്രിയം.
പെൺകുട്ടികൾ വെള്ളി പാദസരങ്ങളോടാണ് താത്പര്യം കാണിക്കുന്നത്. റോസ്, വൈറ്റ് തുടങ്ങി വിവിധ നിറങ്ങളിൽ വെള്ളിയാഭരണങ്ങൾ വിപണിയിലെത്തിയതും ഡിമാൻഡ് കൂട്ടിയിട്ടുണ്ട്. ഡയമണ്ട് ചേർത്തുള്ള വെള്ളിയാഭരണങ്ങൾക്കും ആവശ്യക്കാരേറെയാണ്.
സമ്മാനങ്ങൾ നൽകുന്നതിൽ വെള്ളിക്ക് പ്രചാരണം ഏറുന്നുണ്ട്. ദൈവങ്ങളുടെ രൂപം, പാത്രം, കട്ടിൽ മുതൽ സോഫയടക്കം വെള്ളിയിൽ ലഭ്യമാണ്. 20-25 കിലോ വെള്ളിയിൽ ഡൈനിങ് ടേബിൾ വരെ ഇന്ന് വിപണിയിൽ വില്പനയ്ക്കായുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ വെള്ളിവില 2010-ൽ 13.4 ഡോളറായിരുന്നു. 2011-ൽ ഇത് എക്കാലത്തെയും ഉയർന്ന വിലയായ 48.58 ഡോളറിലേക്ക് എത്തി. അതിനുശേഷം 2020-ൽ 11.74 ഡോളറിലേക്ക് താഴ്ന്നു. എന്നാൽ, കഴിഞ്ഞ മൂന്നുവർഷം വെള്ളിവില 22-25 ഡോളർ നിലവാരത്തിൽ ചാഞ്ചാടി നിൽക്കുകയായിരുന്നു. വ്യാഴാഴ്ച 31.23 ഡോളറിലേക്ക് വില എത്തി. 18 ഡോളർ കൂടി ഉയർന്നാൽ വില പുതിയ റെക്കോഡിലേക്ക് കുതിക്കും