ന്യൂസ് ഡസ്ക്ക് : വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 338.61 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖം അധികൃതർ സംസ്ഥാന സർക്കാരിനോട് ചോദിച്ചത്. പക്ഷെ അനുവദിച്ചതാകട്ടെ 16.25 കോടി മാത്രം.അതേ സമയം പിണറായി സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയ്ക്ക് അനുവദിച്ചത് 27 കോടി. സെമിനാർ നടത്താൻ മാത്രം 2,00,000 രൂപ. സാംസ്കാരിക പരിപാടി,ദീപാലങ്കാരം, വിപണനമേള, പുഷ്പമേള, ചലച്ചിത്ര മേള എന്ന് വേണ്ട മാധ്യമങ്ങൾക്കും പ്രചാരണങ്ങൾക്കും വരെ കോടികൾ വീതം വച്ച് നൽകിയിട്ടുണ്ട്. പക്ഷെ വിഴിഞ്ഞം തുറമുഖ അധികൃതർ ചോദിച്ചതിന്റെ ഒരു ശതമാനം പോലും നൽകിയില്ല.സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമാണെന്നാണ് തുറമുഖ അധികൃതര്‍ പറയുന്നത്. പണം അനുവദിക്കാതെ പിണറായി സർക്കാർ ഒഴിഞ്ഞ് മാറി കളിച്ചത് ആറ് മാസമാണന്ന വിവരവും പുറത്ത് വരുന്നു. നിർമാണ പ്രവർത്തനങ്ങൾക്കായി പണം ആവിശ്യപ്പെട്ട് ഏപ്രിൽ 28ന് തുറമുഖം എം.ഡി സർക്കാരിന് കത്ത് നൽകി. കത്തിൽ നടപടി എടുത്തതാകട്ടെ ഒക്ടോബറിൽ.നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയ്ക്ക് ചോദിച്ച തുകയൊന്നും വെട്ടികുറയ്ക്കാതെയാണ് ധനവകുപ്പ് അതിവേഗം നടപടി എടുത്തത്.
അതേ സമയം അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി ഇത് വരെ മുടക്കിയത് 4000 കോടി രൂപയാണ്. കരാറിന്റെ ഭാഗമായി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയത് 205 കോടി രൂപയാണ്. അതേസമയം വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ കേന്ദ്രസര്‍ക്കാര്‍ 418 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ 818 കോടിയും നല്‍കാനുണ്ട്. ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിനായി 1500 കോടി ചെലവഴിച്ചു.