കൊച്ചി: ആലുവയിലെ വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം പുനലൂർ തളിക്കോട് ചാരുവിളപുത്തൻ വീട്ടിൽ റജീന (44), തളിക്കോട് തളത്തിൽ വീട്ടിൽ ഷഫീക്ക് (42) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസം ആലുവ തോട്ടുമുഖം സ്വദേശിയുടെ വീട്ടിൽ നിന്നാണ് നാൽപ്പത് പവൻ സ്വർണ്ണാഭരണങ്ങളും, രണ്ട് ലക്ഷം രൂപയും മോഷണം പോയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
തോട്ടുമുഖം സ്വദേശിയുടെ വീടിനോട് ചേർന്നുള്ള അച്ചാർ കമ്പനിയിലെ ജീവനക്കാരനാണ് പ്രതികളിലൊരാളായ നസീർ. ഇരുവരും ഗൾഫിലുണ്ടായിരുന്നപ്പോഴുള്ള പരിചയത്തെ തുടർന്നാണ് ഇയാൾക്ക് കമ്പനിയിൽ ജോലി നൽകിയിരുന്നത്. ഏപ്രിൽ ഒന്നാം തീയതി നോമ്പുതുറക്കാനായി നസീറിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇതിനു ശേഷമാണ് പണവും, ആഭരണങ്ങളും കാണാതായത്. നസീർ മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കാൻ സഹായിച്ചവരാണ് റജീനയും, ഷഫീക്കും. തൊണ്ടി മുതൽ ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിക്കുകയായിരുന്നു മൂവരും. ഇവരിൽ നിന്ന് മോഷണ മുതലുകൾ കണ്ടെടുത്തിട്ടുണ്ട്.
നസീറിനെതിരെ തിരുവനന്തപുരം ജില്ലയിൽ കേസുകളുണ്ട്. ഡി വൈഎസ്പി എ.പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് ,എസ്.ഐ എസ്.എസ് ശ്രീലാൽ, എ.എസ്.ഐ കെ. എ നൗഷാദ് ,സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ ,കെ എം മനോജ്, പി.എ നൗഫൽ, ദീപ്തി ചന്ദ്രൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Also: പന്തിനെ വിടാതെ പിടികൂടി പിഴഭൂതം, ഇപ്പോൾ വിലക്കും; ആർസിബിക്കെതിരെ ഡൽഹി വിയർക്കും