ന്യൂഡൽഹി: കമ്പനി മാറുന്ന മുറയ്ക്ക് ഇപിഎഫിൽ കമ്പനി ഉടമയുടെ അക്കൗണ്ടിൽ നിന്ന് ജീവനക്കാരന്റെ പുതിയ കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് പിഎഫ് ബാലൻസ് മാറ്റുന്നതിന് ചില എഴുത്തുകുത്തുകൾ ആവശ്യമാണ്. ജീവനക്കാരുടെ സൗകര്യാർഥം തുക മാറ്റുന്നത് കൂടുതൽ എളുപ്പമാക്കി ഏപ്രിൽ ഒന്നുമുതൽ പുതിയ പരിഷ്‌കാരം നടപ്പാക്കിയിരിക്കുകയാണ് ഇപിഎഫ്ഒ.
നിലവിൽ മാനുവൽ ആയി ജീവനക്കാരൻ അപേക്ഷ നൽകി വേണം പഴയ കമ്പനി ഉടമയുടെ അക്കൗണ്ടിൽ നിന്ന് പുതിയതായി ജോലിയിൽ പ്രവേശിച്ച കമ്പനിയുടെ ഉടമയുടെ അക്കൗണ്ടിലേക്ക് പിഎഫ് ബാലൻസ് കൈമാറാൻ. പകരം കമ്പനി മാറുന്ന മുറയ്ക്ക് ഓട്ടോമാറ്റിക്കായി പിഎഫ് ബാലൻസ് തുക പുതിയ കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന രീതിയാണ് ഇപിഎഫ്ഒ നടപ്പാക്കിയിരിക്കുന്നത്.
റിട്ടയർമെന്റ് സമ്പാദ്യത്തിന് തുടർച്ച ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ജീവനക്കാരന് പിഎഫ് അക്കൗണ്ട് എളുപ്പം കൈകാര്യം ചെയ്യാൻ ഇതുവഴി സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.