കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നാല് സിപിഎം നേതാക്കൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, മണികണ്ഠൻ, ഭാസ്‌കരൻ, രാഘവൻഎന്നിവരാണ് സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
കേസിൽ അഞ്ചുവർഷം തടവുശിക്ഷയാണ് ഈ പ്രതികൾക്ക് സിബിഐ കോടതി വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചതായാണ് ഇവർക്കെതിരായ കുറ്റം. അഞ്ചുവർഷം ശിക്ഷ വിധിച്ചതോടെ ഇവരുടെ ജാമ്യം റദ്ദാകുകയും, ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റവാളികളായ ഒമ്പത് പേരെ കണ്ണൂർ ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി പീതാംബരൻ, മറ്റു പ്രതികളായ രഞ്ജിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് മാറ്റിയത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.