കൊച്ചി: പെരിയ ഇരട്ടക്കൊലപതാക കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരാണ് കുറ്റവാളികൾ.(Periya Double Murder Case; Sentencing tomorrow)
ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരുന്നു.
വിചാരണ നേരിട്ട 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്.