കോട്ടയം മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗത്തിലെ ശുചിമുറിയിൽ രോഗി ആത്മഹത്യ ചെയ്തു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിലെ ശുചിമുറിയിലാണ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആർപ്പുക്കര തൊണ്ണകുഴി സ്വദേശിയായ ഷെബീർ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളേജിന് സമീപമുള്ള ഒരു ടവറിന് മുകളിലേക്ക് കയറി ഷെബീർ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
ഏറെ നേരം നീണ്ട ശ്രമങ്ങൾക്കൊടുവിൽ പോലീസ്, ഫയർഫോഴ്‌സ്, ആശുപത്രി അധികൃതർ എന്നിവർ ചേർന്ന് അനുനയിപ്പിച്ചാണ് ഇയാളെ താഴെയിറക്കിയത്.
തുടർന്ന് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി സമയത്താണ് സൈക്യാട്രി വിഭാഗത്തിലെ ശുചിമുറിയിലേക്ക് പോയ ഷെബീർ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
ആശുപത്രി ജീവനക്കാർ വിവരം അറിഞ്ഞ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആശുപത്രി അധികൃതരും പോലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യ പരിഹാരമല്ല. അമിത സമ്മർദ്ദങ്ങളോ നിരാശയോ അനുഭവപ്പെടുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. സഹായത്തിനായി 1056 എന്ന നമ്പറിൽ വിളിച്ച് ആശങ്കകൾ പങ്കുവെയ്ക്കാം.)









