കൊച്ചി: ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ ഏറ്റെടുക്കാൻ തയ്യാറെന്ന് ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍. ‘നിധി’ എന്ന് പേരിട്ട് ശിശുക്ഷേമ സമിതി സംരക്ഷണം ഏറ്റെടുത്ത പെൺകുഞ്ഞിനെയാണ് മാതാപിതാക്കൾ തിരികെ ചോദിച്ചത്. ആശുപത്രിയിൽ അടയ്ക്കാൻ പണമില്ലാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചു പോയെന്ന് അവർ പറയുന്നു.
നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടിയെ വീഡിയോ കോളിലൂടെ മാതാപിതാക്കൾ കണ്ടു. ജനുവരി 29 നാണ് ജാർഖണ്ഡ് സ്വദേശി എറണാകുളം ജനറൽ ആശുപത്രിയിൽ 27 ആഴ്ച ഗർഭിണിയായിരിക്കെ പെൺകുഞ്ഞിനെ പ്രസവിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്ന് കുഞ്ഞിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ ആശുപത്രിയിലെ ചെലവ് താങ്ങാനാവാതെയോടെ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കി. തുടർന്ന് ആരോഗ്യമന്ത്രിയാണ് കുട്ടിയ്ക്ക് നിധി എന്ന് പേരിട്ടത്.
അതേസമയം, മാതാപിതാക്കളുടെ ജീവിത സാഹചര്യമന്വേഷിച്ച് മാത്രമായിരിക്കും കുഞ്ഞിനെ കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.









