പെരുമ്പാവൂർ: പുല്ലുവഴി പി.കെ.വി. റോഡിലെ പാനേക്കാവ് പാലം ഗതാഗതത്തിനായി തുറന്നു. പാലത്തിൻറെ നിർമ്മാണം തുടങ്ങിയിട്ട് ഒന്നര വർഷം കഴിഞ്ഞു. Panekau bridge on PKV road opened for traffic
പാലം തുറന്നു കൊടുക്കാത്തതിനെ തുടർന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നീട് സോഷ്യൽ ഓഡിറ്റിങ്ങിന് പൊതുജനത്തെ ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർക്കുകയായിരുന്നു.
യോഗത്തിൽ പത്തുദിവസത്തിനകം പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുമെന്ന് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഉറപ്പു നൽകിയിരുന്നു. പിന്നീട് എട്ടാം ദിവസമായ ഇന്ന് പാലം തുറക്കുകയായിരുന്നു.
താൽക്കാലികമായി പ്രവർത്തന യോഗ്യമാക്കിയ അപ്പ്രോച്ച് റോഡ് കട്ട വിരിച്ച് മനോഹരമാക്കുമെന്നും ഉടൻ പൂർണ തോതിൽ ഗതാഗത യോഗ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു.
പുല്ലുവഴിയിൽ മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ വീടിന് മുന്നിലൂടെ വളയൻചിറങ്ങര പുത്തൂരാൻ കവലയിലേക്കുള്ള റോഡിലാണ് പാനേക്കാവ് പാലം.
മുൻപുണ്ടായിരുന്ന പാലം 2018-ലെ വെള്ളപ്പൊക്കത്തിൽ ബലക്ഷയം സംഭവിച്ചതിനെത്തുടർന്നാണ് പുതിയ പാലത്തിന് പദ്ധതി തയ്യാറാക്കിയത്. 1.40 കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമിച്ചത്.
വെങ്ങോല ഭാഗത്തുനിന്ന് പുല്ലുവഴിയിലേക്കുള്ള പ്രധാന പാതയാണിത്. നിരവധി സ്കൂൾ ബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നതാണ്. ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾ കൂടുതൽ ദൂരം ചുറ്റിത്തിരിഞ്ഞു പോകണമായിരുന്നു.
ഈ പ്രദേശത്തുള്ള വ്യവസായയൂണിറ്റുകൾക്കും പാലംപണി തിരിച്ചടിയായിരുന്നു. 40 കൊല്ലം പഴക്കമുള്ള പാലമാണ് വെള്ളപ്പൊക്കത്തിൽ തകർന്നത്.
പാലത്തിലൂടെ ബസ് സർവീസ് ആഴ്ചകൾക്കകം പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.