പാലക്കാട്: പാലക്കാട്ടെ നല്ലവരായ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ തന്ന സ്നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യർ. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
സന്ദീപ് വാര്യർ ഏതുവരെ പോകുമെന്ന് നോക്കാം, സന്ദീപ് ചീള് കേസാണ്, ഒരു സന്ദീപ് പോയാൽ 100 സന്ദീപ് വരും എന്നുപറഞ്ഞ് വെല്ലുവിളിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് പാലക്കാട്ടിലേത്. പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും ആ സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും സന്ദീപ് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഡി.സി.സി പ്രസിഡന്റ്, ഷാഫി പറമ്പിൽ, ശ്രീകേണ്ഠട്ടൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് വിജയത്തിന് കാരണമായത്.
അവർ വഞ്ചിച്ചത് ബിജെപിയിലെ ബലിദാനികളെയാണ്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം കെ. സുരേന്ദ്രന് മാത്രമാണ്. കെ സുരേന്ദ്രൻ രാജിവെക്കാതെ അയാളെ പുറത്താക്കാതെ ബി.ജെ.പി രക്ഷപ്പെടില്ല. പക്ഷെ ഞാൻ ആഗ്രഹിക്കുന്നത് അയാൾ രാജിവെക്കരുത് എന്നാണെന്നും സന്ദീപ് പറഞ്ഞു.
കൃഷ്ണകുമാർ സ്ഥാനാർഥിയായത് കൊണ്ടാണ് ഇത്രവലിയ തിരിച്ചടി ബി.ജെ.പി നേരിട്ടതെന്നും സന്ദീപ് പറഞ്ഞു. പാൽ സൊസൈറ്റിയിൽ തെരഞ്ഞെടുപ്പ് നടന്നാൽ അവിടെ കൃഷ്ണകുമാർ, പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാർ, നഗരസഭയിലാണെങ്കിലും കൃഷ്ണകുമാർ, ലോക്സഭയിൽ കൃഷ്ണകുമാർ, നിയമസഭയിൽ തെരഞ്ഞെടുപ്പ് നടന്നാലും കൃഷ്ണകുമാർ… ഇങ്ങനെ കൃഷ്ണകുമാറും ഭാര്യയുമാണ് പാലക്കാട്ടെ ബി.ജെ.പി എന്ന് എഴുതിക്കൊടുത്ത ബി.ജെ.പി നേതൃത്വം തന്നെയാണ് ഈ പരാജയത്തിന്റെ ഉത്തരവാദി. പാലക്കാട്ട് സന്ദീപിന്റെ എഫക്ടാണെന്ന് ഞാൻ ഒരിക്കലും പറയില്ല, യു.ഡി.എഫ് പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പിൽ രാഹുൽ നേടിയ വിജയം’ -സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയുടെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്നും സന്ദീപ് രൂക്ഷഭാഷയിൽ വിമർശിച്ചു. കെ സുരേന്ദ്രൻ രാജി വെക്കാതെ, സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിൽ രക്ഷപ്പെടാൻ പോകുന്നില്ലെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെയും കടന്നാക്രമിച്ചായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.