ന്യൂഡല്‍ഹി: അതിർത്തി മേഖലകളിൽ വീണ്ടും ആക്രമണ ശ്രമം നടത്തി പാകിസ്താൻ. ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തി ജില്ലകളിലേക്കാണ് പാക് ഡ്രോണുകള്‍ എത്തിയത്. നിയന്ത്രണരേഖയിൽ വ്യാപകമായി വെടിവെപ്പും നടന്നു.
ജമ്മുകശ്മീരിലെ രജൗരി, പത്താന്‍കോട്ട്, അഖ്‌നൂര്‍, സാംബ, ജമ്മു മേഖലകളിലും പഞ്ചാബിലെ അട്ടാരി, ഫിറോസ്പുര്‍, രാജസ്ഥാനിലെ ജെയ്‌സാല്‍മിര്‍, ഭുജ്, ഗുജറാത്തിലെ കച്ച് എന്നിവിടങ്ങളിലേക്കുമാണ് പാകിസ്താന്‍ ഡ്രോണുകളയച്ചത്. ഡ്രോണുകളെല്ലാം ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു.
അതേസമയം ഡ്രോണുകളില്‍ സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ പരീക്ഷിക്കാനുള്ള നീക്കമാണ് പാകിസ്താന്‍ നടത്തിയതെന്നാണ് വിവരം.
ഇന്ത്യയുടെ പ്രതിരോധമിസൈലുകളേറ്റ് ഡ്രോണുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം തുടര്‍ച്ചയായി ഈ മേഖലയില്‍ കേട്ടിരുന്നു. ഗുജറാത്തിലെ കച്ചില്‍ 11 പാക് ഡ്രോണുകളാണ് എത്തിയത്. ഇവയെല്ലാം വെടിവെച്ചിട്ടെന്ന് സൈന്യം അറിയിച്ചു. പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നതിന് പിന്നാലെയാണ് വീണ്ടും പാക് പ്രകോപനം ഉണ്ടായത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യോഗത്തിൽ പങ്കെടുത്തു. സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാനും സൈനിക മേധാവികളും പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അതിനിടെ പാക്കിസ്ഥാന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) സഹായ പാക്കേജ് നൽകുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. ഐഎംഎഫിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചല്ല പാകിസ്താൻ പണം ചിലവഴിക്കുന്നതെന്നും ഒരു കാരണവശാലും പണം അനുവദിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.