പഹൽഗാം: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാസേന. ആസിഫ് ഫുജി, സുലെെമാൻ ഷാ, അബു തൽഹ എന്നീ ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കാശ്‌മീരിലുള്ള രണ്ടുപേർ ഉൾപ്പടെ ആറ് ഭീകരർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതിൽ രണ്ടുപേർ പ്രാദേശിക തീവ്രവാദികളാണ്. ഇവരെയും സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ട്.
2017ൽ പരിശീലനത്തിനായി ഇവർ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേർന്നുവെന്നാണ് നിഗമനം. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്‌ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണത്തിന് ലഷ്‌കർ ഇ തയ്‌ബയുടെ കമാൻഡർ സെയ്‌ഫുള്ള കസൂരിയാണ് നേതൃത്വം നൽകിയതെന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം പഹൽഗാമിൽ നടന്നത്. വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിംഗിനായി എത്തിയവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഒരു മലയാളി ഉൾപ്പെടെ 29 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ബാരാമുള്ളയിലെ ഉറിയിൽ ഏറ്റുമുട്ടൽ നടന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു.









