ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്ത് പ്രാദേശിക ഭരണകൂടം. കശ്മീരികളായ രണ്ട് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരുടെ വീടുകളാണ് തകർത്തത്.
തദ്ദേശീയരായ ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വീടുകൾ വ്യാഴാഴ്ച രാത്രി സ്‌ഫോടനത്തിലാണ് വീടുകള്‍ തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ വീടുകള്‍ക്കുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
പഹല്‍ഗാമിലുണ്ടായ ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു. ഈ ഭീകരര്‍ക്കെതിരേ കടുത്ത പ്രതിഷേധം സമീപവാസികളില്‍ നിന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം.
ദക്ഷിണ കശ്മീരിലെ പുല്‍വാമയിലെ ത്രാലിലും അനന്ത്നാഗിലെ ബിജ്‌ബെഹരയിലുമുള്ള രണ്ട് വീടുകളാണ് തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തദ്ദേശീയരായ രണ്ട് തീവ്രവാദികളുടേതടക്കമുള്ളവരുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു.