കൊച്ചി: മഹാരാജാസ് കോളജിലെ പഠനം അവസാനിപ്പിക്കുന്നതായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് ആർഷോ. എന്നാൽ ഏഴാം സെമസ്റ്റർ തുടങ്ങിയതിന് ശേഷം ക്ലാസില്‍ എത്തിയിട്ടില്ലെന്ന് കാണിച്ച് കോളജ് അധികൃതര്‍ നോട്ടിസ് അയച്ചിരുന്നു.(P M Arsho has announced that he will end his studies at Maharajas College)
നോട്ടീസിന് മറുപടി ആയി ആറാം സെമസ്റ്റര്‍ കൊണ്ട് എക്‌സിറ്റ് ഓപ്ഷന്‍ എടുക്കുകയാണെന്ന് ഇമെയില്‍ മുഖേന ആർഷോ ക്ലാസ് ടീച്ചറെ അറിയിക്കുകയായിരുന്നു. തുടർച്ചയായി 15 ദിവസം ക്ലാസ്സിൽ ഹാജരായില്ലെങ്കിൽ വിശദീകരണം ചോദിക്കാറുണ്ട്. ഇത്തരത്തില്‍ സാങ്കേതികമായി അന്വേഷണം നടത്തിയാണെന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം.
അതേസമയം ഏഴാം സെമസ്റ്ററില്‍ തുടര്‍ പഠനത്തിന് പേരുള്ള സാഹചര്യത്തില്‍ ആര്‍ഷോയ്ക്ക് എക്‌സിറ്റ് ഓപ്ഷന്‍ നല്‍കാനാകുമോ അതോ ‘റോള്‍ ഔട്ട്’ എന്ന പുറത്താക്കല്‍ നടപടിയാണോ സ്വീകരിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനായി യൂണിവേഴ്‌സിറ്റിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് കോളജ് എന്നാണ് പുറത്തു വരുന്ന വിവരം.