കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിമാന യാത്രക്കാർ ഇന്ത്യൻ എയർപോർട്ടുകളിൽ മറന്നുവച്ച വസ്തുക്കളുടെ മൂല്യം അത്ഭുതപ്പെടുത്തുന്നത്. ഇന്ത്യയിലെ 68 വിമാനത്താവളങ്ങളിൽ നിന്നായി 100 കോടി രൂപയിലധികം വിലമതിക്കുന്ന വസ്തുക്കളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. മിക്കതും അവകാശികൾ എത്താത്ത നിലയിൽ ഇപ്പോഴും കെട്ടിക്കിടക്കുയാണ്.
സെൽഫോണുകൾ, ലാപ്‌ടോപ്പുകൾ, വാലറ്റുകൾ, സ്മാർട്ട് വാച്ചുകൾ, സ്വർണ്ണം, വജ്രാഭരണങ്ങൾ എന്നിവയാണ് സാധാരണയായി ആളുകൾ മറന്ന് വെക്കാറുള്ളത്. എന്നാൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെവരെ മാതാപിതാക്കൾ മറന്നുപോയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എയർപോർട്ട് അധികൃതർ പറയുന്നു. മാതാപിതാക്കൾ മൊബൈൽ ഫോണിൽ മുഴുകിയിരുന്നത് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് വിശദീകരണം.
കഴിഞ്ഞ വർഷം ദുബായ് ആസ്ഥാനമായുള്ള ഒരു വ്യവസായി മുംബൈ വിമാനത്താവളത്തിൽ മറന്നുവെച്ച രണ്ട് ഹാൻഡ്‌ബാഗുകളിൽ നിന്ന് ഐപാഡ്, മാക്ബുക്ക്, സ്വർണം, വജ്രാഭരണങ്ങൾ, 6,000 ഡോളർ എന്നിവയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇത്തരത്തിൽ വിമാനയാത്രക്കിടയിൽ നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ കിട്ടാൻ ഓൺലൈൻ സംവിധാനവും സിഐഎസ്എഫ് ഒരുക്കിയിട്ടുണ്ട്.
വിമാനത്താവളങ്ങളിലെ സുരക്ഷാ ചുമതല വഹിക്കുന്ന സേനാവിഭാഗമാണ് സിഐഎസ്എഫ്. ഔദ്യോഗിക വെബ്‌സൈറ്റിലാണ് സിഐഎസ്എഫ് ഇങ്ങനെയൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്. ലഭിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് സൈറ്റിൽ അപ്ലോഡ് ചെയ്യും. കണ്ടെടുത്ത വിമാനത്താവളത്തിൻ്റെ പേരും തീയ്യതിയുമെല്ലാം അതിൽ രേഖപ്പെടുത്തിയിരിക്കും. സാധനങ്ങൾ തിരിച്ചു കിട്ടാൻ ആരെ സമീപിക്കണമെന്നും വെബ്‌സൈറ്റിൽ വ്യക്തമാക്കാറുണ്ടെന്നും സിഐഎസ്എഫ് പറഞ്ഞു. 2014 മുതൽ ഇത്തരം സേവനം നിലവിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.