ടെക്സസിലെ മിന്നൽ പ്രളയം; മരണം 100 കടന്നു
വാഷിങ്ടൻ: ടെക്സസിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നതായി റിപ്പോർട്ട്. വേനൽക്കാല ക്യാംപിലുണ്ടായിരുന്ന 27 പേരുൾപ്പെടെ 28 കുട്ടികൾക്കും ജീവൻ നഷ്ടമായി.
10 കുട്ടികളുൾപ്പെടെ ഒട്ടേറേപ്പെരെ ഇനിയും കണ്ടെത്താനുണ്ട്. കെർ കൗണ്ടിയിൽ മാത്രം 84 പേരാണ് മരിച്ചത്.
ചെളി നിറഞ്ഞ ഗ്വാഡലൂപ് നദീതീരത്ത് ഹെലികോപ്ടറുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചും തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ പറയുന്നു. അതിനിടെ മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൈന്യത്തിന്റെ ഡ്രോണുകളും തീരരക്ഷാസേനയുടെ വിമാനങ്ങളും തിരച്ചിലിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്.
ദുരന്ത മുഖത്ത് നിന്നും ഇതുവരെ 850 പേരെയാണ് രക്ഷപ്പെടുത്തിയത്. ദുരന്തബാധിതർക്കായി റോമിൽ ലിയോ പതിനാലാമൻ മാർപാപ്പ പ്രത്യേക പ്രാർഥന നടത്തി.
അതിനിടെ ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ കൂട്ട പിരിച്ചുവിടൽ കാലാവസ്ഥാ വിഭാഗങ്ങളുടെ പ്രവർത്തനത്തെയും പ്രളയ മുന്നറിയിപ്പിനെയും ബാധിച്ചതായി രൂക്ഷ വിമർശനമാണ് ഉയരുന്നത്.
എന്നാൽ ആർക്കും പ്രവചിക്കാൻ കഴിയാത്ത ദുരന്തമാണുണ്ടായതെന്നു ചൂണ്ടിക്കാട്ടി ആരോപണങ്ങൾ ഡോണൾഡ് ട്രംപ് തള്ളി.
കൂടാതെ പ്രകൃതിദുരന്തങ്ങൾ അതതു സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യണമെന്ന ട്രംപിന്റെ നയത്തിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്.
അമേരിക്ക പാർട്ടിക്ക് അമേരിക്കയിൽ സ്ഥാനമില്ല
വാഷിംഗ്ടൺ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച ടെസ്‌ല മേധാവി ഇലോൺ മസ്‌കിനെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്.
മസ്കിന്റെ രാഷ്ട്രീയപാർട്ടിക്ക് അമേരിക്കയിൽ സ്ഥാനമില്ല എന്നും ട്രംപ് പറയുന്നു.
മസ്‌ക് സമനില നഷ്ടമായതുപോലെയാണ് പെരുമാറുന്നതെന്നും അതിൽ താൻ അതീവ ദുഃഖിതനാണെന്നുമാണ് മറ്റൊരു പരിഹാസം.
‘അമേരിക്കയിൽ ഒരു മൂന്നാം രാഷ്ട്രീയ പാർട്ടി ആരംഭിക്കാൻ വരെ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.
ഈ സംവിധാനം അവർക്കു പറഞ്ഞിട്ടുളളതല്ലെന്നും സാധാരണയായി അവർ ചെയ്യുന്നത് തടസങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കുക എന്നതാണെന്നും ട്രംപ് പറയുന്നു.
മസ്കിന്റെ നീക്കം അപഹാസ്യവും അസംബന്ധവുമെന്ന് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്.
അമേരിക്കയെ പോലൊരു രാജ്യത്ത് മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്ന് ട്രംപിന്റെ പോസ്റ്റിലുണ്ട്. മസ്കിന്റെ പാർട്ടി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന പ്രവചനവും ട്രംപിന്റെ ട്രൂത്തിലെ കുറിപ്പിലുണ്ട്.
ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്കാണ് യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക പാർട്ടി എന്നാണ് ഇലോൺ മസ്കിന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര്.
എക്സിലൂടെയാണ് താൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്ന വിവരം മസ്ക് പ്രഖ്യാപിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെയാണ് മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രസിഡന്റ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്.
ട്രംപിന്റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും
ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
Summary: The death toll from the flash floods in Texas has reportedly crossed 100. Among the deceased are 28 children, including 27 who were attending a summer camp, making it one of the deadliest natural disasters in recent times.