യുഎഇയില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയും ഇടിമിന്നലും. ദുബായില്‍ മഴ കുറഞ്ഞെങ്കിലും മറ്റുപലയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടരയോടെയാണ് ദുബായിലും അബുദാബിയിലും ശക്തമായ മഴയും കാറ്റും ഇടിമിന്നലും തുടങ്ങിയത്. അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് ഇന്നും നാളേയും യു എ ഇയിലെ സ്‌കൂളുകള്‍ക്ക് ഓൺലൈൻ ക്ലാസ്സാണ് നിര്‍ദേശിച്ചിരിക്കുന്നത്. മോശം കാലാവസ്ഥ കാരണം എമിറേറ്റ്സിന്റേതുള്‍പ്പെടെ പല വിമാനസര്‍വീസുകളും റദ്ദാക്കി. ഏതാനും ദിവസങ്ങളായി മോശം കാലാവസ്ഥയെ നേരിടാന്‍ യുഎഇ സര്‍ക്കാരും ഏജന്‍സികളും വിപുലമായ തയാറെടുപ്പുകള്‍ നടത്തിയിരുന്നു.
രാജ്യത്തെ പാര്‍ക്കുകളും ബീച്ചുകളും അടച്ചിരിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പെയ്യുന്ന മഴ ഇന്നും നാളേയും ശക്തമാകും. അതേസമയം ഏപ്രില്‍ 16 ന് രാജ്യത്ത് പെയ്ത അഭൂതപൂര്‍വമായ മഴയെക്കാള്‍ ഈ മഴയുടെ തീവ്രത കുറവായിരിക്കുമെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി കരുതുന്നത്. എങ്കിലും മുന്‍കരുതലുകള്‍ എടുക്കണമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.