കുവൈറ്റ്: കുവൈറ്റിൽ ഓൺലൈൻ വഴി മീൻ ഓർഡർ ചെയ്തവരുടെ ബാങ്ക് അക്കൗണ്ടുകൾ കാലി. മലയാളികളടക്കം നിരവധി പേർ തട്ടിപ്പിനിരയായതായാണ് പരാതി. കുവൈറ്റിലെ പ്രമുഖ ഫിഷ് കമ്പനിയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു കച്ചവടം. ഓൺലൈനിൽ 50% ഡിസ്‌കൗണ്ടിൽ മീൻ ലഭിക്കുമെന്നായിരുന്നു പരസ്യം.
ഓൺലൈൻ ആയി ഓർഡർ ചെയ്യുന്നവർക്ക് കുവൈറ്റിലെ ബാങ്കിങ് പേയ്‌മെന്റ് ആപ്പിന്റെ രീതിയിലുള്ള പേജിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയാൽ ഒടിപി നൽകുന്നതോടെ ബാങ്കിലെ മുഴുവൻ തുകയും തട്ടിപ്പു സംഘം പിൻവലിക്കുന്ന രീതിയിലായിരുന്നു തട്ടിപ്പ്. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടാണ് കാലിയായത്.
ചെമ്മീൻ, സുബൈദി തുടങ്ങിയ മീനുകളുൾ, ഫിഷ് ബാർബിക്യു പോലുള്ള ഭക്ഷണവും ഇവർ ഓൺലൈൻ വഴി കച്ചവടം ചെയ്തിരുന്നു. 10 കിലോ വലിയ ചെമ്മീന് 8 ദിനാർ ആണ്വിലയായി ഇട്ടിരുന്നത്.
പണം നഷ്ടപ്പെട്ട നിരവധി പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പു നടത്താൻ ഉപയോഗിച്ച ഫെയ്‌സ്ബുക്ക് പേജ് ഇപ്പോഴും നിലവിലുണ്ട്. നിരവധി പേരാണ് പണം നഷ്ടപ്പെട്ട വിവരം ഇതേ പേജിൽതന്നെ കമന്റ് ആയി രേഖപ്പെടുത്തിയിട്ടുള്ളത്.