സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ചു സംസ്ഥാന സർക്കാർ. ബുധനാഴ്‌ച മുതൽ തുക പെൻഷൻകാർക്കു കിട്ടിത്തുടങ്ങുമെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. One more installment of social welfare pension is sanctioned
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്കു സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. മൊത്തം 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്.
സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിക്ക് ആവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്.
ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഈ സർക്കാർ വന്നശേഷം 33,000 കോടിയോളം രൂപയാണു ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്.









