ചണ്ഡിഗഢ്: ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരി മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണു ദാരുണ സംഭവം. പട്യാലയിലെ ബേക്കറിയിൽനിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ ദമ്പതികളുടെ മകൾ റാബിയ ആണ് മരിച്ചത്. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കുട്ടി കഴിച്ചെന്നാണ് വിവരം.
ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛർദിച്ചു മരിക്കുകയുമായിരുന്നുവെന്നു മാതാപിതാക്കൾ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങൾക്കുമുൻപ് പട്യാലയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ. വീട്ടിൽനിന്നു ബന്ധുക്കൾ നൽകിയ ചോക്ലേറ്റ് ആണ് കുഞ്ഞ് കഴിച്ചത്.
കുട്ടിയുടെ മരണത്തിൽ ബന്ധുക്കളുടെ പ്രതിഷേധത്തിനു പിന്നാലെ പട്യാലയിലെ കടയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചോക്ലേറ്റ് ഉൾപ്പെടെയുള്ള മിഠായികളുടെയും മധുരപലഹാരങ്ങളുടെയും സാംപിളുകൾ ശേഖരിച്ചു. കാലാവധി തീർന്നതും പഴകിയതുമായ വസ്തുക്കളും കടയിൽനിന്നു പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.