ഇടുക്കി: പൂപ്പാറയിൽ ഒന്നര വയസുള്ള കുട്ടിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂപ്പാറയ്ക്ക് സമീപം കോരമ്പാറയിലാണ് സംഭവം നടന്നത്. കോരമ്പാറയിലെ പടുത കുളത്തിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മധ്യപ്രദേശ് സ്വദേശി ദശരഥിന്റെ മകൻ ശ്രേയസ് രാജ് ആണ് മരിച്ചത്. കോരമ്പാറയിലെ ഏലത്തോട്ടത്തിലെ പടുതാകുളത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൃഷിയിടത്തിലെ ഷെഡിൽ കുട്ടിയെ കിടത്തി ഉറക്കിയ ശേഷം ജോലിയ്ക്ക് പോയതായിരുന്നു മാതാപിതാക്കൾ. 11 മണിയോടെ തിരികെ എത്തിയപ്പോൾ കുട്ടിയെ കാണാതാവുകയായിരുന്നു.
കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി കൊണ്ടുപോകും.
കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; ഡ്രൈവർ കുറ്റക്കാരനെന്ന് കോടതി
പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2020 സെപ്റ്റംബർ അഞ്ചിനാണ് സംഭവം. ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ യുവതി പീഡിപ്പിക്കപ്പെടുകയായിരുന്നു. കൊവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.
കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. രാത്രി പതിനൊന്നരയോടെ അടൂർ ജനറൽ ആശുപത്രിയിലെ 108 ആംബുലൻസ് പെൺകുട്ടിയെ കൊണ്ടു പോകാനെത്തി.
ആംബുലൻസിൽ 40 വയസുള്ള കൊറോണ പോസീറ്റീവായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവരെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലും പെൺകുട്ടിയെ പന്തളത്തെ കെയർ സെന്ററിലും പ്രവേശിപ്പിക്കാനായിരുന്നു നിർദേശം ലഭിച്ചത്.
തൊട്ടടുത്തുള്ള പന്തളത്തേക്ക് പോകാതെ നൗഫൽ ആംബുലൻസ് കോഴഞ്ചേരിക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് പതിനെട്ടു കിലോമീറ്ററോളം സഞ്ചരിച്ച് സ്ത്രീയെ കോഴഞ്ചേരിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി നൗഫൽ പന്തളത്തേക്ക് മടങ്ങി.
തിരിച്ചു വരും വഴി ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തിന് സമീപം രാത്രി പന്ത്രണ്ടരയോടെ നൗഫൽ ആംബുലൻസ് നിർത്തുകയായിരുന്നു. തുടർന്ന് ഇയാൾ ധരിച്ചിരുന്ന പിപിഇ കിറ്റ് ഡ്രൈവിങ് സീറ്റിൽ ഊരിവച്ച ശേഷം പിറകിലെ ഡോർ തുറന്ന് അകത്തു കയറി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം നടന്ന സംഭവങ്ങൾ ആരോടും പറയരുതെന്നും അബദ്ധത്തിൽ സംഭവിച്ചതാണിതെന്നും നൗഫൽ പെൺകുട്ടിയോട് പറഞ്ഞിരുന്നത്.
ഈ സംഭാഷണം പെൺകുട്ടി രഹസ്യമായി ഫോണിൽ റെക്കോഡ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം പെൺകുട്ടിയുമായി കിടങ്ങന്നൂർ-കുളനട വഴി പന്തളത്തെത്തി അർച്ചന ആശുപത്രിയിലെ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ഇറക്കി വിട്ട ശേഷം അടൂരിലേക്ക് പോയത്.
എന്നാൽ പെൺകുട്ടി ഈ വിവരം ആരോടും പറയില്ലെന്നാണ് നൗഫൽ കരുതിയത്. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.
പന്തളത്തെ കെയർ സെന്ററിലെത്തിയപ്പോൾ പെൺകുട്ടി ആംബുലൻസിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. പിന്നീട് പീഡനവിവരം അധികൃതരെ അറിയിച്ചു. അവർ പന്തളം പോലീസിനെ വിളിച്ചു വരുത്തി.
തുടർന്ന് വനിതാ പോലീസ് അടക്കം പന്തളം സ്റ്റേഷനിൽ നിന്നുള്ള സംഘം കൊറോണ സെന്ററിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയിൽ നിന്നും ആംബുലൻസ് വിവരങ്ങൾ ശേഖരിച്ച പോലീസ് പ്രതിയായ നൗഫലിനെ തിരിച്ചറിഞ്ഞിരുന്നു.