തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യയുടെ പേരിൽ ഖജനാവിൽ നിന്ന് വീണ്ടും ലക്ഷങ്ങൾ അനുവദിച്ച് ധനവകുപ്പ്. ഓണം കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് പണം അനുവദിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നടപ്പിൽ വരുത്തിയ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഈ മാസം 13ന് 7.86 ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്.
ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തിൽ വച്ച് നടത്തിയ ഓണസദ്യ ഏറെ വിവാദമായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പോലും സദ്യ തികഞ്ഞില്ല. അവസാന ഘട്ടത്തിൽ കരാറുകാർ സ്ഥലത്ത് നിന്ന് മാറിയതും വാർത്തയായിരുന്നു. പഴയും മോരും കുടിച്ച് മന്ത്രിമാർക്ക് പോലും തൃപ്ത്തിപ്പെടേണ്ടി വന്നു. 15,400 രൂപയാണ് ഓണ സദ്യയുടെ ക്ഷണക്കത്ത് അടിക്കാൻ ചെലവഴിച്ചത്. എത്ര പേർ സദ്യയിൽ പങ്കെടുത്തു എന്നതിന് കൃത്യമായ കണക്കില്ലെന്ന് വിവരവകാശപ്രകാരമുള്ള ചോദ്യത്തിന് സർക്കാർ മറുപടി അടുത്ത കാലത്താണ് നൽകിയത്.
സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്നുള്ള ബില്ലുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് 19 ലക്ഷം രൂപ നേരത്തെ പൊതുഭരണവകുപ്പ് അനുവദിച്ചു. ഇതിനും പുറമേയാണ് ഇപ്പോള്‍ 7.86 ലക്ഷം കൂടി ധനവകുപ്പ് അനുവദിച്ചത്. ഇതോടെ ഓണസദ്യയുടെ ചെലവ് 26, 86, 130 രൂപ ആയി ഉയർന്നു. ഓണസദ്യക്ക് 19,00,130 രൂപ ചെലവായെന്നും നവംബർ 8 ന് ഹോട്ടലിന് പണം നൽകിയെന്നുമായിരുന്നു പൊതുഭരണ വകുപ്പ് ഇത് വരെ ഔദ്യോഗികമായി അറിയിച്ചിരുന്നത്.
Read more :സസ്പെൻഡ് ചെയ്യപ്പെട്ട ജനാധിപത്യം.