ചെന്നൈ: തെന്നിന്ത്യൻ നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിനെതിരെ പരാതിയുമായി നടൻ ധനുഷിൻ്റെ അമ്മ വിജയലക്ഷ്‍മി. അപ്പാർട്ട്മെന്റ് ഉപയോഗവുമായി ബന്ധപ്പെട്ടാണ് ശരത്കുമാറിനെതിരെ പരാതി നൽകിയത്.(Actor Dhanush’s mother Vijayalakshmi filed a complaint against Sarathkumar )
വിഷയത്തിൽ കാര്യങ്ങൾ പരിശോധിച്ച മദ്രാസ് ഹൈക്കോടതി ശരത്‍കുമാറിനോടും ചെന്നൈ കോര്‍പറേഷനോടും അവരുടെ ഭാഗം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പാര്‍ട്ട്മെന്‍റിലെ മുഴുവന്‍ അന്തേവാസികള്‍ക്കും പൊതുവായി ഉപയോഗിക്കാനുള്ള മുകള്‍ നില ശരത്കുമാര്‍ കൈവശം വെക്കുകയും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുകയുമാണെന്നാണ് പരാതി.
ചെന്നൈ ത്യാഗരാജ നഗര്‍ രാജമന്നാര്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്‍റിലാണ് വിജയലക്ഷ്മി ഭര്‍ത്താവുമൊത്ത് താമസിക്കുന്നത്.
ഇക്കാര്യം ഉന്നയിച്ച് നേരത്തെ ചെന്നൈ കോര്‍പറേഷന്‍ അധികൃതരെ വിജയലക്ഷ്മിയും അപ്പാര്‍ട്ട്മെന്‍റിലെ ചില അയല്‍വാസികളും ചേര്‍ന്ന് സമീപിച്ചിരുന്നു.
എന്നാല്‍ കോര്‍പറേഷന്‍ ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ഇവര്‍ പറയുന്നു. പിന്നാലെയാണ് ഇക്കാര്യത്തില്‍ ഇവര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഇന്ത്യഗ്ലിറ്റ്സ് തമിഴ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പ്രശസ്ത താരങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന നിയമ വ്യവഹാരം സിനിമാലോകത്തും ചര്‍ച്ചയായിട്ടുണ്ട്.
ധനുഷും ശരത്കുമാറും ഇതുവരെ ഒരു സിനിമയില്‍ ഒരുമിച്ച് എത്തിയിട്ടില്ല. എന്നാല്‍ ശരത്കുമാറിന്‍റെ ഭാര്യ രാധികയ്ക്കൊപ്പം ധനുഷ് അഭിനയിച്ചിട്ടുണ്ട്.
2015 ചിത്രം തങ്കമകനിലായിരുന്നു ഇത്. അതേസമയം ക്യാപ്റ്റന്‍ മില്ലറിന് ശേഷം ധനുഷിന്‍റേതായി തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രം രായന്‍ ആണ്.
നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധനുഷ് തന്നെയാണ് ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും. ധനുഷ് രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.