പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അമ്മുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് എബിവിപിയുടെ ആവശ്യം.(Nursing student Ammu’s death; ABVP education bandh in Pathanamthitta)
വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ ഓഫീസിലേക്ക് എബിവിപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. അമ്മുവിന്റെ മരണത്തിൽ കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് സഹപാഠികളായ മൂന്നു വിദ്യാർത്ഥികൾ റിമാൻഡിലാണ്. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എ.ടി.അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് റിമാൻഡിൽ കഴിയുന്നത്.
തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനിയായ അമ്മു എ.സജീവ് നവംബർ 15ന് ആണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണു മരിച്ചത്. സഹപാഠികളായ 3 പേരുടെ തുടർച്ചയായ മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.