നോട്ടിങ്ഹാം: പ്രവാസി മലയാളിയായ നഴ്‌സ് യുകെയിൽ അന്തരിച്ചു. നോട്ടിങ്ഹാമിൽ കുടുംബമായി താമസിച്ചിരുന്ന അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ് (39) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.
കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ അരുണ്‍ 2021 ലാണ് യുകെയിലെത്തിയത്.
നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചു ജീവിതം കരുപ്പിടിപ്പിക്കാൻ ഒരുങ്ങവേയാണ് കാന്‍സര്‍ ബാധിച്ചത്.
രോഗം മൂര്‍ച്ഛിച്ചതിനാല്‍ ചികിത്സയുടെ ഭാഗമായി അരുണ്‍ ജോലിയില്‍ വിട്ടു നില്‍ക്കുകയായിരുന്നു.
കഴിഞ്ഞ ആറു മാസമായി നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ പാലിയേറ്റീവ് വിഭാഗത്തിലാണ് ചികിത്സയിൽ തുടർന്നിരുന്നത്.
അരുൺ രോഗബാധിതതായതോടെ ചെറിയ കുട്ടി ഉള്ളതിനാലും അരുണിന് മുഴുവന്‍ സമയ ശുശ്രൂഷ ആവശ്യമുള്ളതിനാലും ഭാര്യ ഷീനയ്ക്കും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു.
ഭാര്യ ഷീന ഇടുക്കി ഉപ്പുതറ സ്വദേശി ആണ്. ആറുവയസ്സുകാരൻ ആരവ് ഏകമകനാണ്.
അരുണിന്‍റെ കുടുംബത്തെ സഹായിക്കാൻ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഫണ്ട് ശേഖരണം ആരംഭിച്ചു.
സഹായിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇതോടൊപ്പമുള്ള ലിങ്കിൽ പ്രവേശിച്ച് തുകകൾ അയയ്ക്കാവുന്നതാണ്.
അരുണിന്‍റെ മരണ വിവരം അറിഞ്ഞപ്പോൾ മുതൽ തന്നെ സാന്ത്വനവും സഹായ സഹകരണങ്ങളുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികളും കുടുംബത്തോട് ഒപ്പമുണ്ട്.
സംസ്കാരം പിന്നീട്. എൻഎംസിഎ, മുദ്ര ആർട്സ് എന്നിവ അനുശോചനം അറിയിച്ചു.