കറാച്ചി: ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാന്റെ മത്സര വേദികളില്‍ നിന്ന് അഹമ്മദാബാദിനെ ഒഴിവാക്കണമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ നജാം സേത്തി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഏഷ്യാകപ്പ് പാക്കിസ്ഥാനില്‍ വച്ചു നടത്തിയാല്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അറിയിച്ച സാഹചര്യത്തില്‍, ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് പാക്കിസ്ഥാനും നിലപാടെടുത്തിരുന്നു.
അനുരഞ്ജന ചര്‍ച്ചകള്‍ക്കായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെയും സിഇഒ ജെഫ് അലാര്‍ഡിസും കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെത്തിയിരുന്നു. ഇവരോടാണ് സേത്തി പുതിയ ആവശ്യം മുന്നോട്ടുവച്ചത്. കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ കളിക്കാന്‍ തയാറാണ്.
നോക്കൗട്ടില്‍ അല്ലാതെ പാക്കിസ്ഥാന് അഹമ്മദാബാദില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്നു സേത്തി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഏഷ്യാകപ്പിനായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകാത്ത സാഹചര്യത്തില്‍ ലോകകപ്പിന് പാക്ക് ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കണോ എന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.