തൃശൂർ: ഇനി മുതൽ കലാമണ്ഡലത്തിൽ നോൺവെജ് ഭക്ഷണങ്ങളും ലഭിക്കും. ഇതുവരെ നിലനിന്നിരുന്ന രീതികൾ തിരുത്തിക്കുറിച്ച് കലാമണ്ഡലത്തിൽ ഇന്നലെ ചിക്കൻ ബിരിയാണി വിളമ്പി. കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കാമ്പസിൽ നോൺ വെജ് ഭക്ഷണം അനുവദിക്കുന്നത്.Non-veg food will also be available at Kalamandalam from now on
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഓർഡർ ചെയ്ത് വരുത്തിയ ചിക്കൻ ബിരിയാണിയാണ് കാന്റീനിൽ വിളമ്പിയത്. 1930 ൽ സ്ഥാപിതമായ കലാമണ്ഡലത്തിൽ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനത്തിന്റെ പാരമ്പര്യ രീതികൾ അനുസരിച്ച് വെജിറ്റേറിയൻ ഭക്ഷണമാണ് അനുവദിച്ചിരുന്നത്. എന്നാൽ പുതിയ കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നോൺ വെജ് ഉൾപ്പെടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സാഹചര്യം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.
ചിക്കൻ ബിരിയാണി ഒരു തുടക്കം മാത്രമാണെന്നും മെനുവിൽ കൂടുതൽ മാറ്റങ്ങൾ ഇനി പ്രതീക്ഷിക്കാമെന്നും മൃദംഗം വിദ്യാർത്ഥിയും സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാനുമായ അനുജ് മഹേന്ദ്രൻ പറഞ്ഞു.
അതേസമയം ഫാക്കൽറ്റി അംഗങ്ങൾ അടക്കം ഒരു വിഭാഗം കാമ്പസിൽ നോൺ വെജ് അനുവദിച്ചതിനെതിരെ രംഗത്തെത്തി. ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയ ഓയിൽ തെറാപ്പിക്ക് വിധേയമാകുമ്പോൾ സസ്യേതര ഭക്ഷണം കഴിക്കുന്നത് വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് ഇവരുടെ വാദം.
ശരീരത്തിന്റെ വഴക്കവും ആരോഗ്യവും നിലനിർത്താൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനാണ് ചികിത്സകൾ രൂപകൽപന ചെയ്തിട്ടുള്ളത്. വിദ്യാർത്ഥികൾ എല്ലാ ദിവസവും അവയ്ക്ക് വിധേയരാകണം. ഈ സമയത്ത്, ലഘുഭക്ഷണം കഴിക്കണമെന്നാണ് നിഷ്‌കർഷിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ കാമ്പസിൽ ആയിരിക്കുമ്പോൾ അത് കഴിക്കരുതെന്ന് ഫാക്കൽറ്റി അംഗം പറയുന്നു.