കൊച്ചി: സ്‌കൂൾ അധ്യയനത്തെ ബാധിക്കുന്ന തരത്തിൽ ഒരുവിധ കോച്ചിങ് ക്ലാസുകളും പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പ്രത്യേക ഉത്തരവ്. വിദ്യാർഥികളെ സ്‌കോളർഷിപ്പ് പരീക്ഷകൾക്ക് സജ്‌ജരാക്കുന്നതിനായി വിവിധ സ്‌കൂളുകളിൽ പണം വാങ്ങിയും മറ്റും കോച്ചിങ് തകൃതിയായി നടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ ഉത്തരവ് ഇറക്കിയത്.
മിക്ക സ്‌കൂളുകളും എൻ.എം.എം.എസ്, എൽ.എസ്.എസ്, യു.എസ്.എസ്. സ്‌കോളർഷിപ്പ് പരീക്ഷൾക്കു വേണ്ടിയാണ് ഉയർന്ന ഫീസ് വാങ്ങി കോച്ചിങ് ക്ലാസ് സംഘടിപ്പിച്ചുവരുന്നത്. കോച്ചിങ് മേഖലയിലെ വിദഗ്‌ധർ എന്ന വ്യാജേന സമീപത്തുള്ള സ്‌കൂളുകളിലെ അധ്യാപകരാണ് മിക്കപ്പോഴും ക്ലാസുകൾ എടുക്കുന്നതെന്ന് ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഇ-മെയിൽ വഴി പരാതി ലഭിച്ചിരുന്നു.
ഇതേത്തുടർന്നാണ് കഴിഞ്ഞ 21-ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കർശന നിർദേശം നൽകി ഇത്തരമൊരു ഉത്തരവിറക്കിയത്. മിക്ക സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ ഇത്തരം കോച്ചിങ് നടന്നുവരുന്നുണ്ടെന്നതാണ് യാഥാർഥ്യം. ഈ പ്രവണത ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട അധ്യാപകർക്കും സ്‌ഥാപന മേധാവിക്കുമെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.