നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.
“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നടപടി ശക്തവും വ്യക്തവുമാണെന്ന് അദ്ദേഹം പറഞ്ഞു. “പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ രാഹുലിനെ സസ്പെൻഡ് ചെയ്തു.
പിന്നീട് കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ചപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇത്തരത്തിലുള്ള നടപടി മറ്റേതെങ്കിലും പാർട്ടി സ്വീകരിച്ചിട്ടുണ്ടോ എന്ന് മന്ത്രി പി. രാജീവിനോട് അന്വേഷിക്കാൻ പറയൂ” എന്നും വി.ഡി. സതീശൻ പറഞ്ഞു.
രാഹുലിന്റെ വിഷയത്തിൽ കോൺഗ്രസിന് രണ്ട് നിലപാടുകളാണെന്ന മന്ത്രി പി. രാജീവിന്റെ ആരോപണത്തോട് പ്രതികരിച്ചായിരുന്നു സതീശന്റെ ഈ പരാമർശം.
ഈ വിഷയത്തിൽ പൊതുജനം ഗൗരവമായി കാണുന്നുണ്ടെന്നായിരുന്നു പി. രാജീവ് പറഞ്ഞത്. എന്നാൽ പാർട്ടി നിലപാട് വ്യക്തവും സുതാര്യവുമാണെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ വിഷയം വളച്ചൊടിക്കുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
രാഹുലിനോട് എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാത്തതിനെക്കുറിച്ചും പ്രതിപക്ഷ നേതാവ് വിശദീകരണം നൽകി. “എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാൻ ഞങ്ങൾക്ക് അധികാരമില്ല.
രാഹുൽ ഇപ്പോൾ ഞങ്ങളുടെ പാർട്ടിയിൽ ഇല്ല, പുറത്താണ്. അതിനാൽ ആ കാര്യത്തിൽ ഇടപെടേണ്ട ഉത്തരവാദിത്വവും അധികാരവും പാർട്ടിക്കില്ല” എന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ തന്റെ നിലപാട് കേരളത്തിലെ ഓരോ കുഞ്ഞുങ്ങൾക്കും അറിയാമെന്നും, സമാന വിഷയങ്ങളിൽ താൻ എത്രമാത്രം വേട്ടയാടപ്പെട്ടിട്ടുണ്ടെന്നും വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു.
“അപ്പോഴൊന്നും ഞാൻ കുലുങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ‘നോ കമന്റ്‌സ്’. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, കൊച്ചി മേയർ വി.കെ. മിനിമോൾ നടത്തിയ വിവാദ പരാമർശത്തോടും വി.ഡി. സതീശൻ പ്രതികരിച്ചു. മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടെന്ന പരാമർശം തെറ്റിദ്ധാരണയുണ്ടാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.
“ലത്തീൻ സഭ പാർട്ടിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. മേയർ ലത്തീൻ സമുദായാംഗമല്ലല്ലോ. പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്” എന്നും വി.ഡി. സതീശൻ വ്യക്തമാക്കി.









