തിരുവനന്തപുരം:ആശുപത്രിയിൽ ചികിത്സ തേടാതെ പ്രസവം വീട്ടിൽ നടത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് ഒൻപത് മാസത്തിനിടെ നടന്നത് ഒൻപത് ശിശുമരണങ്ങൾ.
ശിശുമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന നിലയിൽ രാജ്യത്തിന് മാതൃകയാകുമ്പോഴാണ് പുതിയ കണക്കുകൾ.
ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇത്രയും കുട്ടികൾ മരിച്ചത്.
അഡ്വ.കുളത്തൂർ ജെയ്സിംഗിന് ആരോഗ്യവകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ കണക്കുകൾ ഉള്ളത്.
ആലപ്പുഴ,എറണാകുളം,തൃശൂർ ജില്ലകളിൽ രണ്ടുവീതവും തിരുവനന്തപുരം,കൊല്ലം,കോഴിക്കോട് ജില്ലകളിൽ ഓരോ മരണവും സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
പ്രസവം മറ്റാരും കാണാൻ പാടില്ലെന്നും വീട്ടിൽ പ്രസവിക്കുന്നതാണ് അമ്മയ്ക്കും കുഞ്ഞിനും നല്ലതെന്നുമുള്ള ഇടുങ്ങിയ ചിന്താഗതിയാണ് ഇതിനെല്ലാം കാരണമെന്നാണ് വിലയിരുത്തൽ.
ചികിത്സ തേടണമെന്ന് ആശാപ്രവർത്തകരിലൂടെയും തദ്ദേശസ്ഥാപനങ്ങളിലൂടെയും വിപുലമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും പലരും അത് അവഗണിക്കുകയാണ്.
വീട്ടിലെ പ്രസവങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലാണ് ആശുപത്രികളിലെത്തുന്നത്. എന്നാൽ കുഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെമരിക്കും.
ജീവനോടെ ആശുപത്രിയിലെത്തുന്നതിനാൽ വീട്ടിലെ പ്രസവത്തെ തുടർന്നുള്ള മരണമായി ഇതിനെകണക്കാക്കില്ല. നവജാത ശിശുക്കളുടെ മരണനിരക്കിന്റെ ഭാഗമാവും.അതിനാൽ യഥാർത്ഥ കണക്ക് ഇതിനേക്കാൾ കൂടുതലായിരിക്കും എന്ന് വിദഗ്ദർ പറയുന്നു.