ന്യൂഡൽഹി: ഗൂഗിൾ ബാർഡ് എഐ ചാറ്റ്‌ബോട്ടിനെ ഫെബ്രുവരിയിൽ ജെമിനി എന്ന് പേര്മാറ്റുകയും പ്രത്യേക ആപ്ലിക്കേഷൻ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ആപ്പ് ലഭിക്കുന്നതിന് ഏകദേശം നാല് മാസത്തോളം കാത്തിരിക്കേണ്ടിവരും. ആപ്പ് വരുന്നതോടെ ഗൂഗിൾ ചാറ്റ് ബോട്ടുകൾ ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമാക്കും. ഗൂഗിൾ ഒമ്പത് ഇന്ത്യൻ ഭാഷകളിൽ ജെമിനി എഐ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു എന്നി ഭാഷകളിലാണ് ലഭ്യമാകുക.Nine Indian languages including Malayalam have been included in AI Assistant
”ആവേശകരമായ വാർത്ത! ഇന്ന്, ഞങ്ങൾ ജെമിനി മൊബൈൽ ആപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുകയാണ്, ഇംഗ്ലീഷിലും 9 ഇന്ത്യൻ ഭാഷകളിലും ആപ്പ് ലഭ്യമാണ്. ഞങ്ങൾ ഈ പ്രാദേശിക ഭാഷകളെ ജെമിനി അഡ്വാൻസ്ഡിലേക്കും മറ്റ് പുതിയ ഫീച്ചറുകളിലേക്കും ചേർക്കുകയും ഇംഗ്ലീഷിൽ ഗൂഗിൾ മെസേജിൽ ജെമിനി ലോഞ്ച് ചെയ്യുകയും ചെയ്യുന്നു.” ജെമിനിയുടെ ഇന്ത്യ ആപ്പ് ലോഞ്ചിനെക്കുറിച്ച് ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ എക്സ് പോസ്റ്റിൽ കുറിച്ചു.
ഇനി എല്ലാം ജെമിനി മയം, എഐ യുഗം എന്നുതന്നെ പറയേണ്ടി വരും. അത്തരത്തിലുള്ള പരിഷ്കരിച്ച 12 ഉൽപന്നങ്ങളാണ് മേയ് 14ന് ഗൂഗിൾ മേധാവി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. എല്ലാം ഭാവിയിൽ ടെക് ലോകത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളവ. 25 വർഷത്തെ ഗൂഗിൾ സേർച്ച് ചരിത്രത്തിൽ വലിയൊരു മാറ്റത്തിനാണ് ഇത്തവണ തുടക്കമിട്ടിരിക്കുന്നത്.
ഗൂഗിളിന്റെ ഉൽപന്നങ്ങളിലും സേവനങ്ങളിലുമെല്ലാം ഇനി നിർമിത ബുദ്ധി (എഐ) കൂടി ഉണ്ടാകുമെന്ന് പിച്ചൈ വ്യക്തമാക്കിക്കഴിഞ്ഞു. എഐ ഇല്ലാതെതന്നെ ഗൂഗിളിനെ ആശ്രയിച്ചാണ് ജനകോടികൾ ഇന്നു ജീവിതത്തിലും ജോലിയിലും മുന്നോട്ടു പോകുന്നത്. ആ സേർച്ച് എൻജിനിലേക്ക് നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മാജിക് കൂടി എത്തുന്നതോടെ എന്തു സംഭവിക്കുമെന്നതിന്റെ വ്യക്തമായ സൂചനകൾ പിച്ചൈയുടെ വാക്കുകളിലുണ്ടായിരുന്നു. ഭാവിയുടെ പ്രതീക്ഷയായ എഐ ഇനി ലോകം കീഴടക്കുമെന്ന് ഉറപ്പാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ അവതരണം.