കാലാവസ്ഥ പ്രവചനം അച്ചട്ടായി, തമിഴ്നാട്ടിൽ കനത്തമഴ. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. മേയ് 20 വരെയാണ് യാത്ര ഒഴിവാക്കേണ്ടത്. വരുന്ന മൂന്ന് ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ കനത്തമഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.
നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതൽ 20 വരെ ഒഴിവാക്കണം. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ 456 ദുരിതാശ്വാസ കേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും നീലഗിരി ജില്ലാ കലക്ടർ എം അരുണ അറിയിച്ചു.
അതിനിടെ, തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. തിരുനെൽവേലി സ്വദേശിയായ അശ്വിൻ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആണ് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. വെള്ളച്ചാട്ടത്തിലേക്കുള്ള നട വഴിയിലൂടെ അടക്കം വെള്ളം കവിഞ്ഞൊഴുകി. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികൾ രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.