കാസർകോട്: നീലേശ്വരം വീരർക്കാവ് ക്ഷേത്രത്തിൽ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിലെ ആദ്യ മൂന്ന് പ്രതികൾക്ക് ജാമ്യം. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. ഹോസ്ദുർഗ് കോടതിയാണ് ജാമ്യം നൽകിയത്.(Nileswaram fireworks accident; The court granted bail to the accused)
കേസിൽ പ്രതികൾക്കെതിരെ വധശ്രമത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ ചുമത്തിയിരുന്നു. അനുമതിയും ലൈസൻസും ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു.
തിങ്കളാഴ്ച്ച രാത്രി 11.55-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് ആണ് അപകടമുണ്ടായത്. പടക്കം പൊട്ടിക്കുന്നതിനിടെ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപൊരി വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തിൽ ഭക്തജനങ്ങളും നാട്ടുകാരുമായി 100-ൽ അധികം പേർക്ക് പരിക്കേറ്റിരുന്നു.